kklm

കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആവശ്യപ്രകാരം മലിനീകരണ നിയന്ത്രണ വകുപ്പിലെ എൻവയോൺമെന്റ് എൻജിനീയർ സജീഷ് ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുത്തോലപുരത്തുള്ള അലൂമിനിയം കമ്പനിയിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിനോടും ജനപ്രതിനിധികളോടും പരിസരവാസികളോടും പരാതിയെപ്പറ്റി ചോദിച്ചറിഞ്ഞ‍ ശേഷമായിരുന്നു പരിശോധന.
കമ്പനിക്കകത്ത് അസംസ്കൃത വസ്തുക്കൾ പ്രോസസ് ചെയ്യുന്ന സ്ഥലവും രാസവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലവും ഹീറ്റിംഗ്പ്ലാന്റും കമ്പനിയിൽ നിന്നുണ്ടാകുന്ന വായു മലിനീകരണവും മലിനജല സംസ്കരണ സംവിധാനവും പരിശോധിച്ച ഉദ്യോഗസ്ഥർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് നൽകിയ പരാതിക്ക് രേഖാമൂലം മറുപടി നൽകുമെന്നും അറിയിച്ചു. മലിനജലം നീരുറവകളിലേക്ക് ഒഴുകുന്ന സ്ഥലവും നാട്ടുകാരോടൊപ്പം ഉദ്യോഗസ്ഥർ സന്ദർശിച്ചു.

ജനപ്രതിനിധികൾ കണ്ടെത്തിയ നിയമലംഘനങ്ങൾ രേഖാമൂലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്യോഗസ്ഥർക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മാജി സന്തോഷ്, ജോർജ് ചമ്പമല, സന്തോഷ് കോരപിള്ള, സുരേഷ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോജിൻ ജോൺ, ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം ജസീന്ത പൈലി തുടങ്ങിയവർ ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.