 
പറവൂർ: പൊതുമരാമത്ത് വകുപ്പിന്റെ പറവൂരിലെ റസ്റ്റ്ഹൗസിൽ കാന്റീൻ പ്രവർത്തനമാരംഭിക്കുന്നു. 30ന് രാവിലെ പത്തരക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എല്ലാ സൗകര്യങ്ങളുമുള്ള പുതിയ റസ്റ്റ് ഹൗസിൽ കാന്റീൻ സൗകര്യം ഇല്ലാത്തത് വലിയ പോരായ്മയായിരുന്നു. 2021 നവംബറിലാണ് റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആറ് സ്യൂട്ട് മുറികളും പന്ത്രണ്ട് സാധാരണ മുറികളുമുണ്ട്. താഴത്തെ നിലയിൽ ഒരേ സമയം 65 പേർക്ക് ഇരിക്കാവുന്ന റസ്റ്റോറന്റാണുള്ളത്. ജൂലായ് 3 മുതൽ റസ്റ്റ്ഹൗസിൽ ഭക്ഷണ വിതരണം തുടങ്ങും.
സംസ്ഥാനത്തെ റസ്റ്റ്ഹൗസുകളിൽ വരുമാനത്തിൽ വളരെ മുന്നിലുള്ള പറവൂർ റസ്റ്റ്ഹൗസ് ഇപ്പോഴും ക്ളാസ് ടു ഗ്രേഡിലാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ സ്റ്റാഫ് പാറ്റേൺ വളരെ കുറവാണ്. റസ്റ്റ്ഹൗസ് ക്ലാസ് വണ്ണിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് എൻജിനിയർ കഴിഞ്ഞ നവംബറിൽ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല. റസ്റ്റ്ഹൗസ് ക്ലാസ് വണ്ണിലേക്ക് ഉയർത്തിയാൽ സ്റ്റാഫ് പാറ്റേൺ മാറുകയും 24 മണിക്കൂറും ജീവനക്കാരുള്ള സ്റ്റാർ ഹോട്ടലിന് സമാനമായ പ്രവർത്തനം കാഴ്ചവെക്കാനും കഴിയും.