sree

 വി.ടി. ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ പക്ഷിചിത്ര പ്രദർശനം

 രാവിലെ 11 മുതൽ വൈകിട്ട് 7 വരെ

കൊച്ചി: നല്ലതുക പെൻഷനുംവാങ്ങി ശരിരം അനങ്ങാതെ വിശ്രമിക്കുന്നവർ പക്ഷിനിരീക്ഷണം തുടങ്ങിയാൽ ഓർമ്മശക്തിയും ചിന്താശക്തിയും കാഴ്ചശക്തിയും ഭാവനയുമെല്ലാം വർദ്ധിക്കുമെന്ന് എഴുത്തുകാരൻ സക്കറിയ പറഞ്ഞു. കൊച്ചി ദർബാർ ഹാളിൽ പ്രശസ്ത പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ ജന്മശതാബ്ദി വർഷത്തിൽ 'പാടിപ്പറക്കുന്ന മലയാളം' എന്ന ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഗദ്യത്തിന്റെ ഏറ്റവും മനോഹരമായ ഉപയോഗമാണ് കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ കാണാനാവുക. ഇത്തരം പുസ്തകങ്ങളാണ് തന്നെ എഴുത്തുകാരനാക്കിയത്. അതിലെ കുറച്ചു ഭാഗമെങ്കിലും വായിച്ചാണ് പിതാവ് രാത്രികളിൽ ഉറങ്ങാൻ കിടന്നിരുന്നതെന്ന് സക്കറിയ എഴുതിയിട്ടുള്ള കാര്യം അദ്ധ്യക്ഷത വഹിച്ച വി.കെ. ശ്രീരാമൻ ഓർമ്മിച്ചു. സുരേഷ് ഇളമൺ, പ്രദശർനത്തിന്റെ ക്യുറേറ്ററും കലാനിരൂപകനും ഫോട്ടോഗ്രഫറുമായ എം. രാമചന്ദ്രൻ എന്നിവരും പ്രസംഗിച്ചു.

 മമ്മൂട്ടി എടുത്ത ഫോട്ടോ ലേലം

പ്രശസ്ത സിനിമാതാരം മമ്മൂട്ടിയും പക്ഷിച്ചിത്രങ്ങളെടുക്കുന്നതിൽ ലോകപ്രശസ്തയായ ജെയിനി കുര്യാക്കോസുമടക്കം ഇരുപത്തിമൂന്നു ഛായാഗ്രാഹകന്മാരുടെ 61 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.

മമ്മൂട്ടി എടുത്ത ഇലത്തുമ്പിൽ വിശ്രമിക്കുന്ന നാട്ടുബുൾബുളിന്റെ മനോഹരചിത്രം പ്രദർശനത്തിന്റെ സമാപനദിനമായ 30ന് വൈകിട്ട് 4ന് ഫൗണ്ടേഷന്റെ ധനശേഖരണാർത്ഥം ലേലം ചെയ്യും. 5.30ന് ഇന്ദുചൂഡന്റെ സഹപ്രവർത്തകനായിരുന്ന പ്രൊഫ.എം.കെ. സാനു ഇന്ദുചൂഡനെ അനുസ്മരിക്കും. നാളെ വൈകിട്ട് 5.30ന് പക്ഷി ഫോട്ടോഗ്രഫർ മനോജ് കരിങ്ങാമഠത്തിൽ സംസാരിക്കും.