
ആലുവ: തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ റോഡ് വികസനം പൂർണമാകണമെങ്കിൽ തോട്ടക്കാട്ടുകരയിലെ അക്വഡേറ്റ് പുതുക്കിപ്പണിയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കടുങ്ങല്ലൂർ റോഡ് വികസനത്തിന് തടസമായാണ് പെരിയാർവാലി ജലസേചന കനാലിന്റെ ഭാഗമായ അക്വഡേറ്റിന്റെ നിൽക്കുന്നത്. അക്വഡേറ്റിന്റെ തടസം നീക്കാതെ റോഡ് വികസനം നടത്തിയാൽ നിലവിലുള്ളതിനേക്കാൾ വലിയ ഗതാഗത കുരുക്കായിരിക്കും രൂപപ്പെടുകയെന്ന് സമരക്കാർ ആരോപിച്ചു.
പെരിയാർ വാലി ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ പി.ടി. ജയ, എ.എക്സ്.ഇ മുഹമ്മദ് ബഷീർ എന്നിവർ സമരക്കാർക്ക് ഉറപ്പ് നൽകി. സമരം ഡി.സി.സി എക്സിക്യൂട്ടിവ് അംഗം വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.എസ്. നന്മദാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ എം.കെ. ബാബു, ആർ. ശ്രീരാജ്, ഭാരവാഹികളായ ടി.കെ. രാജു, സുബൈർ പെരിങ്ങാടൻ, ജനാർദ്ദനൻ നായർ, ഗോപാലകൃഷ്ണൻ, ആദർശ് ഉണ്ണിക്കൃഷ്ണൻ, എ.ഐ. ചന്ദ്രൻ, ഗഫൂർ മൈലക്കര, വി.പി. മോഹനൻ, എം.കെ. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.