കൊച്ചി: വീടിന്റെ ബാൽക്കെണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് അപകട ഇൻഷ്വറൻസ് നൽകില്ലെന്ന സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയു‌ടെ നിലപാട് തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി, 3.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. രണ്ടര ലക്ഷം രൂപ ഇൻഷ്വറൻസ് തുകയും 50,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണം. മനോരോഗം മൂലം യുവതി ചാടിയതാണെന്നായിരുന്നു കമ്പനിയുടെ വാദം.

ആലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ മകളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചതിന്റെ ചെലവ് സ്റ്റാർഹെൽത്ത് നിരസിക്കുകയായിരുന്നു. ബാൽക്കണിയിലെ വെള്ളത്തിൽ തെന്നിവീണാണ് മകൾക്ക് പരിക്കേറ്റതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. മനോരോഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് ഇൻഷ്വറൻസ് കമ്പനിക്ക് തെളിയിക്കാൻ കഴിയാത്തതിനാൽ ഇൻഷ്വറൻസ് തുക ലഭിക്കാൻ പരാതിക്കാർക്ക് അർഹതയുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി വ്യക്തമാക്കി.