
കൊച്ചി: ജില്ലയിലെ കുടുംബശ്രീയുടെ കറി പൗഡർ ഉത്പന്നങ്ങൾ ഇനി സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തും. 26 യൂണിറ്റുകളെയാണ് പദ്ധതിക്കായി ഷോർട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവയെ തിരഞ്ഞെടും. ഇവർ നിർമ്മിക്കുന്ന ആറോളം ഉത്പന്നങ്ങളാണ് വിപണിയിലെത്തുക.
ഒരേ ഉത്പാദനപ്രക്രിയയിൽ ഏർപ്പെട്ടിട്ടുള്ള സംരംഭങ്ങളെ യോജിപ്പിച്ച് കൺസോഷ്യം രൂപീകരിച്ച് പരിശീലനം നൽകും. തിരഞ്ഞെടുത്തവയ്ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം, വിദഗ്ദ്ധരുടെ ക്ലാസുകൾ എന്നിവ നൽകും. പദ്ധതി വിജയകരമായി നടപ്പാക്കുന്ന യൂണിറ്റുകൾ സന്ദർശിക്കാൻ അവസരമൊരുക്കും.
 ഡിസംബറിൽ വിപണിയിലെത്തും
ഡിസംബറിന് മുമ്പായി ബ്രാൻഡ് വിപണിയിലെത്തിക്കും. ആദ്യഘട്ടത്തിൽ ജില്ലയിലാവും ഉത്പന്നങ്ങളെത്തുക. പിന്നീട് മറ്റ് മാർക്കറ്റുകളിലും ഉത്പന്നങ്ങളെത്തിക്കും. ഓരോ യൂണീറ്റും വില്ക്കുന്ന ഉത്പന്നങ്ങളുടെ വരുമാനം അവർക്ക് വീതിച്ചെടുക്കാം.
ഉത്പന്നങ്ങൾ
മുളകുപൊടി
മല്ലിപ്പൊടി
കറിമസാലകൾ
 കുരുമുളക് പൊടി
 മഞ്ഞൾപ്പൊടി
പദ്ധതി
കുടുംബശ്രീ സംരംഭങ്ങളെ ഏകീകരിച്ച് ഒരു ബ്രാൻഡിൽ ഒരേ ഗുണനിലവാരത്തിലും പായ്ക്കിംഗിലും പൊതുവിപണിയിൽ ലഭ്യമാക്കുകയാണ് ബ്രാൻഡിംഗിന്റെ ലക്ഷ്യം. ബ്രാൻഡിംഗിന്റെ ആദ്യപടിയായി കറിപ്പൊടികൾ, മസാല ഉത്പന്നങ്ങൾ, ധാന്യപ്പൊടികൾ എന്നീ 12 ഇനം ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് ബ്രാൻഡിംഗ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വർഷം പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ ബ്രാൻഡിംഗ് നടത്തിയിരുന്നു. പിന്നീട് മലപ്പുറം, കോട്ടയം, തൃശൂർ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഈ സാമ്പത്തിക വർഷം ശേഷിക്കുന്ന ജില്ലകളിലും പദ്ധതി ആരംഭിക്കും.
വികേന്ദ്രീകൃത രീതിയിൽ സംരംഭകർ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പ്രവർത്തനങ്ങൾ ഏകോപനത്തിന്റെ ചുമതല ഒരോ ജില്ലയിലെയും കൺസോർഷ്യങ്ങൾക്കാണ്. ബ്രാൻഡഡ് ഉത്പന്നങ്ങളുടെ മാർക്കറ്റിംഗും അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നതും കൺസോർഷ്യമാണ്.
ആദ്യം ജില്ലയിലെ മാർക്കറ്റുകളാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികൾ നടന്നുവരികയാണ്.
ടി.എം. റജീന
ജില്ലാ മിഷൻ കോഓർഡിനേറ്റർ
കുടുംബശ്രീ