കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി സിനിമാ ഷൂട്ടിംഗ് നടത്തിയതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഷൂട്ടിംഗിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് നിർദ്ദേശം.
ഫഹദ് ഫാസിൽ നിർമ്മിക്കുന്ന 'പൈങ്കിളി' സിനിമയാണ് ചിത്രീകരിച്ചത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണമെന്ന് കമ്മിഷൻ വ്യക്തമാക്കി. അഭിനേതാക്കൾ ഉൾപ്പെടെ അമ്പതിലേറെപ്പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുമ്പോഴും ഷൂട്ടിംഗ് നടന്നു. പരിമിതമായ സ്ഥലമുള്ള അത്യാഹിതവിഭാഗത്തിൽ അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയ ആൾക്ക് പ്രവേശിക്കാനായില്ല. പ്രധാന കവാടത്തിലൂടെ ആരെയും വിട്ടില്ല. ചിത്രീകരണ സമയത്ത് നിശബ്ദത പാലിക്കാൻ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിച്ചെന്നും കമ്മിഷൻ അംഗം ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി ചിത്രീകരിച്ചത്.
ചിത്രീകരണം സെറ്റിട്ട്: ഡി.എം.ഒ
ചട്ടങ്ങൾ പാലിച്ചാണ് ആശുപത്രി പരിസരം ഷൂട്ടിംഗിന് നൽകിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കേരളകൗമുദിയോട് പറഞ്ഞു. 10,000രൂപ ഫീസ് ഈടാക്കിയാണ് അത്യാഹിത വിഭാഗത്തിന് പുറത്തുള്ള സ്ഥലം നൽകിയത്. ഇവിടെ മറച്ച്, രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിക്കാതെയായിരുന്നു ചിത്രീകരണമെന്നും അവർ പറഞ്ഞു.