road

ആലുവ: അധികൃതരുടെ അലംഭാവത്തെ തുടർന്ന് അറ്റകുറ്റപ്പണി നടത്താത്ത പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴിയിൽ വീണ് മീൻ കച്ചവടക്കാരന്റെ ഓട്ടോയുടെ ആക്‌സിൽ ഒടിഞ്ഞു. മുടിക്കൽ സ്വദേശി സലീമിന്റെയാണ് അന്നം മുട്ടിയത്. ഇന്നലെ രാവിലെ ഉപജീവനമാർഗമായ മീൻ കച്ചവടത്തിനായി സ്വന്തം ഓട്ടോറിക്ഷയുമായി പോവുകയായിരുന്ന സലീമിന്റെ ഗുഡ്‌സ് ഓട്ടോ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ ചാടുകയായിരുന്നു.

രണ്ടുവർഷം മുമ്പ് മാറമ്പിള്ളി സ്വദേശിയുടെ ജീവനെടുത്ത അപകടം നടന്ന സ്ഥലത്താണ് ഓട്ടോ കുഴിയിൽ വീണത്. ഓട്ടോയുടെ ആക്‌സിൽ ഒടിഞ്ഞതിനാൽ വികലാംഗൻ കൂടിയായ സലീമിന്റെ ഉപജീവന മാർഗമായ മീൻ കച്ചവടം തടസപ്പെട്ട അവസ്ഥയിലാണ്.

അപകടം ഇവിടെ നിത്യസംഭവം

പെരുമ്പാവൂർ ദേശസത്കൃത റോഡിൽ അപകടങ്ങൾ നിത്യസംഭവവമായി മാറുകയാണ്. തകർന്നുകിടക്കുന്ന റോഡിൽ മാസങ്ങളായി പ്രതിദിനം രണ്ടും മൂന്നും അപകടങ്ങളാണ് ഉണ്ടാകുന്നത്.

ജലമിഷൻ പദ്ധതിക്കായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന് ഇരുവശവും കുഴിയെടുത്ത ശേഷം ടാറിംഗ് നടത്താത്തതാണ് വിനയാകുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടുക മാത്രമാണ് വാട്ടർ അതോറിട്ടി ചെയ്തിട്ടുള്ളത്. നിർമ്മാണത്തിന് ശേഷം റോഡ് തിരികെ കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. പൈപ്പിട്ടിട്ടും റോഡ് കൈമാറാത്തതിന്റെ കാരണം വ്യക്തമല്ല. ആലുവയിൽ നിന്നും പകലോമറ്റം വരെയാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡ് വാട്ടർ അതോറിട്ടിക്ക് വിട്ടുനൽകിയിട്ടുള്ളത്.

ടാറിംഗ് വൈകുന്നതിനെതിരെ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രണ്ടാഴ്ച മുമ്പ് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ മഴ മാറിയാൽ രണ്ട് ദിവസത്തിനകം വലിയ കുഴികൾ അടക്കുമെന്നും ഒരാഴ്ച കിട്ടിയാൽ റോഡ് മുഴുവൻ ടാറിംഗ് പൂർത്തിയാക്കണമെന്നും അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചയോളം മഴമാറി നിന്നിട്ടും ചിലയിടത്തെ കുഴി മാത്രമാണ് മൂടിയത്. ചാലയ്ക്കൽ, പതിയാട്ടുകവല, കുട്ടമശേരി എന്നിവിടങ്ങളിൽ വലിയ കുഴികൾ ഇപ്പോഴുമുണ്ട്. കളക്ടറുടെ നിർദ്ദേശവും വകുപ്പുകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.