
കൊച്ചി: ആലപ്പുഴ തുറവൂർ- അരൂർ എലവേറ്റഡ് നിർമ്മാണ മേഖലയിലെ ഗതാഗത പ്രശ്‌നങ്ങൾ എറണാകുളത്തേക്കും. റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞതിനു പിന്നാലെ ആദ്യ മഴകൂടി എത്തിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ അരൂരേക്കും കുമ്പളം ടോളിലേക്കും കുണ്ടന്നൂരേക്കുമെല്ലാം കുരുക്ക് നീണ്ടു.
നേരത്തെ കാന നവീകരണത്തിനായി റോഡിന്റെ ഇരുസൈഡും വെട്ടിപ്പൊളിച്ചിരുന്നു. ഇത് പിന്നീട് ടാറ് ചെയ്യുകയോ കട്ടവിരിക്കുകയോ ചെയ്തിരുന്നില്ല. ഇങ്ങനെയുള്ള സ്ഥലങ്ങൾ മഴക്കാലമെത്തിയതോടെ ചെളിക്കുളമായി മാറി. എലവേറ്റഡ് ഹൈവേയുടെ നിർമ്മാണ ജോലികൾക്കായി ബാരിക്കേഡുൾപ്പെടെ സ്ഥാപിച്ചതോടെ പ്രധാന പാതയുടെ വീതിയും കുറഞ്ഞു. ഇടറോഡുകളിൽ നിന്ന് കൂട്ടത്തോടെ വാഹനങ്ങളെത്തുമ്പോൾ കുരുക്ക് മുറുകും. ആദ്യമൊക്കെ രാവിലെയും വൈകിട്ടും മാത്രമായിരുന്നു കുരുക്ക്. എന്നാലിപ്പോൾ ഗതാഗത തടസമൊഴിഞ്ഞ നേരമില്ലെന്നായി. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ തുടങ്ങി കുമ്പളം ടോൾ മുതൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.
ഗർഡറുകൾ കൊണ്ടു പോകുമ്പോൾ കുരുക്കേറും
ഗർഡറുകൾ കൊണ്ടു പോകുന്ന സമയത്തും മുകളിൽ സ്ഥാപിക്കുന്ന സമയത്തും ഗതാഗതം ക്രമീകരിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. ഈ സമയത്ത് ഗതാഗതക്കുരുക്ക് പതിവിലും രൂക്ഷമാകുമെന്നുറപ്പ്. അങ്ങനെ വന്നാൽ എറണാകുളത്തു നിന്ന് ഈ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ ദുഷ്‌കരമാകും.
പരിഹാരം ഉടൻ
ഘട്ടംഘട്ടമായി അരൂർ നിന്ന് തുറവൂർ വരെയുള്ള കിഴക്കുഭാഗത്തെയും രണ്ടാംഘട്ടത്തിൽ തുറവൂർ മുതൽ അരൂർ വരെയുള്ള പടിഞ്ഞാറുഭാഗത്തെയും ടാറിംഗ് നടത്തും. അതോടെ കുരുക്കിന് പരിഹാരമാകും. മഴ തീർന്നാലുടൻ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. അവധിദിവസങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മാണ പ്രവർത്തികൾ നടത്തും.
ദേശീയപാത അതോറിട്ടി അധികൃതർ