z

പെരുമ്പളം: ഒരാഴ്ചയിലേറെയായി വാത്തികാട് -പൂത്തോട്ട ജങ്കാർ സർവ്വീസ് നിലച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. ഫെറി ബോട്ട് സർവ്വീസുകൾ അവതാളത്തിലായതോടെ പരിധിയുടെ ഇരട്ടിയിലേറെ യാത്രക്കാരുമായാണ് ബോട്ടുകളുടെ യാത്ര. ഇന്നലെ രാവിലെ വാത്തിക്കാട് - പൂത്തോട്ട ബോട്ട് വാത്തിക്കാട് വച്ച് തന്നെ പണിമുടക്കി. പാണാവള്ളി -പൂത്തോട്ട സർവ്വീസും നിലച്ചു. അതോടെ ജെട്ടികളിൽ യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. തുടർന്ന് പാണാവള്ളിയിൽ നിന്ന് വന്ന രണ്ടാമത്തെ ബോട്ടിൽ ഇരുന്നൂറിലേറെ യാത്രക്കാരാണ് കയറിയത്. 75 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ വാഹനം സ്റ്റാർട്ടായതിനു ശേഷവും യാത്രക്കാർ ഇടിച്ചു കയറി.

യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കാളത്തോട് ജെട്ടിയിൽ നിന്ന് വാത്തിക്കാട് ജെട്ടിയിൽ കയറാതെയാണ് ബോട്ട് പൂത്തോട്ടയ്ക്ക് പോയത്. അതോടെ ഇവിടെ ഇറങ്ങേണ്ട യാത്രക്കാർ ബഹളം വെച്ചു. വാത്തിക്കാട് 7.15, 8.15 ന് എത്തേണ്ട ബോട്ടുകൾ നിലച്ചതോടെ രാവിലെ 7 മുതൽ 9 മണി വരെ യാത്രക്കാർ ജെട്ടിയിൽ കുടുങ്ങി.

എഞ്ചിൻ കേടായ ഇറപ്പുഴ - തെക്കൻ പറവൂർ ബോട്ട് (S-39) രണ്ടു ദിവസം മുമ്പാണ് കേടുപാടുകൾ തീർത്ത് സർവീസിന് ഇറക്കിയത്. വൈറ്റില, എറണാകുളം ഭാഗത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും രോഗികളും സ്ഥിരമായി ബോട്ടുകൾ മുടങ്ങുന്നതോടെ വലയുകയാണ്.

കേരളം കണ്ട മിക്ക ബോട്ടുദുരന്തങ്ങളിലും പരിധിയിലേറെ ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണമാണ് ദുരന്തകാരണമായിട്ടുള്ളത്. അധികൃതർ കൃത്യമായി ഇടപെട്ടില്ലെങ്കിൽ മറ്റൊരു ബോട്ടുദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷിയാകേണ്ടി വരുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

75 പേരെ കയറ്റാൻ പറ്റുന്ന ബോട്ടിൽ ഇരട്ടിയിലധികം യാത്രക്കാരുമായാണ് മിക്ക സർവ്വീസുകളും നടത്തുന്നത്. വിഷയത്തിൽ ഡയറക്ടർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കെ.ആർ. സോമനാഥൻ,

പ്രസിഡന്റ്,

ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ