ആലുവ: മുപ്പത്തടം കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം നാളെ മുതൽ ജൂലായ് 7വരെയും ഉത്സവം ജൂലായ് 8 മുതൽ 12 വരെയുമായി നടക്കും. അരൂർ അപ്പുജിയാണ് യജ്ഞാചാര്യൻ. നാളെ വൈകിട്ട് അഞ്ചിന് ചിറ്റുകുന്ന് ക്ഷേത്രത്തിൽ നിന്ന് യജ്ഞാചാര്യനെയും വിശിഷ്ട വ്യക്തികളെയും സ്വീകരിച്ചാനയിക്കും. പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഭദ്രദീപപ്രകാശനം നടത്തും. തുടർന്ന് വിഗ്രഹപ്രതിഷ്ഠയും അഡ്വ. ടി.ആർ. രാമനാഥന്റെ പ്രഭാഷണവുമുണ്ടാകും. ഏഴിന് ആറാട്ടോടെ സപ്താഹയജ്ഞം സമാപിക്കും. 8 മുതൽ ഉത്സവാഘോഷം തുടങ്ങും. എല്ലാ ദിവസവും പ്രത്യേക പൂജകൾക്ക് പുറമെ വിവിധ കലാപരിപാടികളും നടക്കും.