
ആലുവ: നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റെയിൽവേ നടപ്പാലം അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയെടുക്കാതെ അധികാരികൾ. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് മുനിസിപ്പൽ സ്റ്റാൻഡിലേക്ക് പോകാനുള്ള മേൽപ്പാലമാണ് അറ്റകുറ്റപ്പണികൾ ഇല്ലാതെ ദ്രവിച്ച് നശിക്കുന്നത്.
നടപ്പാലമായതിനാൽ കട്ടികുറഞ്ഞ സ്ളാബുകളാണ് പാലത്തിൽ നിരത്തിയിരിക്കുന്നത്. യാത്രക്കാർ നടക്കുന്ന സ്ളാബുകളിൽ പലതും ദ്രവിച്ച് വിടവുകൾ വർദ്ധിച്ചു തുടങ്ങി. ഇതിലൂടെ താഴെ റെയിൽവേ പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ കടന്നുപോകുന്നത് കാണാനാകും. പാലത്തിൽ പായലുകളും പുല്ലുകളും വളർന്നുകഴിഞ്ഞു. കോൺക്രീറ്റ് പാളികളിൽ പലയിടത്തും വിള്ളലുകളുമുണ്ട്. റെയിൽവേ ട്രാക്കിനപ്പുറത്തുള്ള മിനി സിവിൽ സ്റ്റേഷൻ, ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പോകാനും നിരവധി പേരാണ് ഈ മേൽപ്പാലം ഉപയോഗിക്കുന്നത്.
പാലത്തിലേക്ക് കയറുന്ന ഭാഗങ്ങളിൽ മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുകയാണ്. കോളേജ് വിദ്യാർത്ഥികൾ ചെടികൾ വച്ച് സൗന്ദര്യവത്കരിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പഴയപടിയായി. ആലുവ നഗരസഭയും ജനങ്ങളും മൗനം പാലിക്കുന്നതാണ് റെയിൽവേക്ക് സൗകര്യമാകുന്നത്.
സമാനമായ സാഹചര്യം പെരിയാറിന് കുറുകെ തുരുത്തിലേക്കുള്ള റെയിൽവേ നടപ്പാലത്തിനും ഉണ്ടായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴാണ് റെയിൽവേ അറ്റകുറ്റപ്പണിക്ക് തയ്യാറായത്.
അടിയന്തിരമായി റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണി നടത്തണം.
പ്രിൻസ് വെള്ളറയ്ക്കൽ
കേരള കോൺഗ്രസ് (ജേക്കബ്)