
ചോറ്റാനിക്കര: മുളന്തുരുത്തി അങ്കണവാടി വർക്കർ തസ്തികയിൽ പട്ടികജാതി സംവരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ യുവതിയെ പിരിച്ചുവിട്ടു. ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഉത്തരവ് പ്രകാരം മുളന്തുരുത്തി ശിശു വികസന പദ്ധതി ഓഫീസറാണ് ഇവരെ നീക്കം ചെയ്തത്. ജാതി സർട്ടിഫിക്കറ്റ് തഹസിൽദാർ റദ്ദ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കണവാടി വർക്കർ തസ്തികയിൽ പട്ടികജാതി സംവരണം അട്ടിമറിച്ചു കൊണ്ട് നിയമനം നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്ന് തഹസിൽദാർ സംഭവം അന്വേഷിച്ച് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുകയായിയിരുന്നു. എന്നാൽ, സ്കൂൾ സർട്ടിഫിക്കറ്രിലെ ജാതി അനുസരിച്ച് തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് കാട്ടി ജീവനക്കാരി ഹൈക്കോടതിയിൽ റിട്ട് നൽകി. ചൊവ്വാഴ്ച കേസ് പരിഗണിക്കും. വർക്കർ തസ്തികയിലേക്ക് 69 പേര് അപേക്ഷിച്ചതിൽ 10 പേരാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ ഒന്നാംറാങ്കുകാരിയാണ് പിരിച്ചുവിടപ്പെട്ട യുവതിയെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു.
രാഷ്ട്രീയപ്പോര്
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയുടെ ബന്ധുവാണ് ഇവർ. ഈ അടുപ്പത്തിന്റെ പേരിൽ നിയമന സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് യുവതിയെ സഹായിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വജനപക്ഷപാതം കാട്ടി അധികാര ദുർവിനിയോഗം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രസ്തുത സ്ഥാനത്ത് ഇരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുളന്തുരുത്തിയിലെ യു.ഡി.എഫ് - കോൺഗ്രസ് നേതൃത്വം പ്രസിഡന്റിനെ തത്സ്ഥാനത്തു നിന്ന് നീക്കി പൊതുജനത്തോട് മാപ്പ് പറയണമെന്ന് എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയം വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയ താത്പര്യം മാത്രമാണെന്ന് കോൺഗ്രസും വാദിക്കുന്നു.
പട്ടികജാതി സംവരണം ലഭിച്ചില്ലെങ്കിൽ പോലും നിയമനത്തിന് അർഹതയുള്ള വ്യക്തിയാണ് യുവതി. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യം മാത്രമാണ് ഉള്ളത്.
രഞ്ജി കുര്യൻ
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കോൺഗ്രസ്