
കിഴക്കമ്പലം: പട്ടിമറ്റം ഡബിൾ പാലത്തിനടുത്ത് പി.പി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വൻ ഗർത്തം രൂപപ്പെട്ടു. റോഡിന്റെ മദ്ധ്യത്തിലായാണ് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് തള്ളിയതോടെ ഗർത്തം രൂപപ്പെട്ടത്. മഴക്കാലമായതോടെ വെള്ളം നിറഞ്ഞ് കുഴിയുള്ളത് അറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. എന്നിട്ടും വാട്ടർ അതോറിറ്റി അധികൃതർ കണ്ടമട്ട് നടിക്കുന്നില്ല. കുഴിയുടെ ഇരുവശവും റോഡ് അറ്റകുറ്റ പണി തീർത്ത് ടാർ ചെയ്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിൽ വന്നാണ് കുഴിയിൽ ചാടുന്നത്. പിറകെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതിനാൽ അവയും അപകടത്തിൽപ്പെടുന്നുണ്ട്. വാട്ടർ അതോറിറ്റി അധികൃതരുടെ നിസംഗതയ്ക്കെതിരെ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.