പറവൂർ: പറവൂർ നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളിൽ ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച റെക്കോർഡ് റൂം പൊളിച്ച് കളയണമെന്ന സംസ്ഥാന ഓംബുഡ്സ്മാൻ ഉത്തരവിനെ മറികടക്കാൻ ഹൈക്കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയ നഗരസഭ ചെയർപേഴ്സൺ രാജിവെക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. നേരത്തെ വിഷയം ചർച്ച ചെയ്തപ്പോൾ ഓംബുഡ്സ്മാൻ ചുമതലപ്പെടുത്തിയ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറും ഇന്റേണൽ വിജിലൻസ് ഓഫീസറും പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെക്കോർഡ് റൂം പൊളിച്ച് കളയണമെന്ന ഉത്തരവ് പാലിക്കുകയോ അല്ലെങ്കിൽ കോടതിയിൽ പെറ്റീഷൻ നൽകുകയോ ചെയ്യണമെന്ന നിലപാടാണ് എൽ.ഡി.എഫ് കൗൺസിലർമാർ സ്വീകരിച്ചത്. എന്നാൽ ഇത് മറികടന്ന് നേരിട്ട് ഹൈക്കോടതിയിൽ പോകണമെന്ന തീരുമാനം ഭരണപക്ഷം പാസാക്കുകയായിരുന്നു. ഐക്യകണ്ഠേനയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാൻ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതെന്ന വ്യാജ സത്യവാങ്മൂലം നൽകി സ്റ്റേ വാങ്ങുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പുകളും സെക്രട്ടറിയുടെ അജണ്ടയിലുള്ള കുറിപ്പും ഹൈക്കോടതിയിൽ നിന്നും മറച്ചുവെച്ച് വ്യാജ സത്യവാങ്മൂലം നൽകിയ ചെയർപേഴ്സൺ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, എൻ.ഐ. പൗലോസ്, കെ.ജെ. ഷൈൻ, എം.കെ. ബാനർജി തുടങ്ങിയവർ സംസാരിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന ആരോപണമെന്ന് ചെയർപേഴ്സൺ
പ്രതിപക്ഷ ആരോപണം അവാസ്തവവും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പറഞ്ഞു. ഭൂരിപക്ഷ തീരുമാന പ്രകാരമാണ് സ്റ്റേ ലഭിക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഐക്യകണ്ഠേനയുള്ള തീരുമാനമെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല. അപ്പീൽ നൽകാൻ ചുമതലപ്പെട്ട നഗരസഭാ സെക്രട്ടറി കൗൺസിൽ തീരുമാനം നടപ്പാക്കാത്തതിനാൽ ചെയർപേഴ്സണും മുനിസിപ്പൽ എൻജിനിയറുമാണ് വിധിക്കെതിരെ അപ്പീൽ നൽകിയത്. നഗരസഭയുടെ താല്പര്യവും സംരക്ഷിക്കാതെ, സഹപ്രവർത്തകരെ പ്രതികൂട്ടിലാക്കാൻ സെക്രട്ടറിയും പ്രതിപക്ഷവും പരാതിക്കാരനും നടത്തുന്ന നാടകമാണ് കൗൺസിലിൽ യോഗത്തിലുണ്ടായതെന്നും ചെയർപേഴ്സൺ പറഞ്ഞു.