ph

കാലടി: പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഭൂമിക്കടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ച് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ. ഹെലിക്യാം വഴിയും ഭൂമിയിലൂടെ സഞ്ചരിക്കുന്ന റോവർ വഴിയും ഭൂമിക്കടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയാണ് വിദ്യാർത്ഥികൾ വികസിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ പലപ്പോഴും ദുരിതബാധിത പ്രദേശങ്ങളിൽ വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കാറില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

കാര്യക്ഷമം പുതിയ ഉപകരണം

പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ പ്രദേശത്ത് വിദ്യാർത്ഥികൾ വികസിപ്പിച്ച ഉപകരണം ഹെലിക്യാമിലോ റോവറിലോ ഘടിപ്പിച്ച് നിരീക്ഷണം നടത്തുന്നു. ആരെങ്കിലും ഭൂമിക്കടിയിൽ ഉണ്ടെങ്കിൽ മൈക്രോ വേവ് സെൻസറുകൾ വഴി മൊബൈലിൽ അലർട്ടായി സന്ദേശമെത്തും. അതു വഴി പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്താൻ കഴിയും. 4 കിലോമീറ്റർ മുകളിൽ വരെ സഞ്ചരിക്കാവുന്നതാണ് ഹെലിക്യാം. ഏത് ദുർഘട പാതയിലുടെയും സഞ്ചരിക്കാവുന്ന വിധമാണ് റോവർ നിർമ്മിച്ചിരിക്കുന്നത്. എച്ച്. ഹരിത, ബി. അനന്തകൃഷ്ണൻ, കെ.എൻ അഭിലാഷ്, ഓംപ്രകാശ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. അസി. പ്രൊഫസർമാരായ ടി. ഹിമ, അലൻ മാത്യു ജോർജ് എന്നിവരാണ് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയത്.