
മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ. അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയും അംഗങ്ങളായ രഞ്ജി കുര്യൻ, മധുസുധൻ കെ.പി, ബിനീ ഷാജി എന്നിവർ ആരോഗ്യ മന്ത്രി വീണ ജോർജിന് നിവേദനം കൈമാറി.
വർഷങ്ങളോളം പ്രസവ സൗകര്യം, പോസ്റ്റ്മോർട്ടം തുടങ്ങി അനവധി സേവനങ്ങൾ ഉണ്ടായിരുന്ന ആശുപത്രിയാണെന്നും പ്രവർത്തനത്തിന് ആവശ്യമായ സ്റ്റാഫുകളും കെട്ടിടങ്ങളും അനുബന്ധമായ മെഡിക്കൽ ഉപകരണങ്ങളും ഉണ്ടെന്നും കുറഞ്ഞത് അഞ്ച് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മതിയായ പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയോഗിക്കണം. മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും വിഷയത്തിൽ ഇടപെട്ടത്. ആശുപത്രിയുടെ സേവനം മെച്ചമാകണമെന്ന കേരളകൗമുദി വാർത്തയുടെയും പൊതുജനത്തിന്റെ ആവശ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. ആലോചിച്ച് വേണ്ട തീരുമാനം എടുക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി പ്രസിഡന്റ് മറിയാമ്മ ബെന്നി പറഞ്ഞു.