കൊച്ചി: ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്റ് ഓണർ പുരസ്‌കാരം ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പിക്ക് നൽകും. ചലച്ചിത്രരംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കാൻ മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരുലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്.
സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. സെപ്തംബർ ആദ്യവാരം കൊച്ചിയിൽ നടക്കുന്ന മാക്ടയുടെ മുപ്പതാം വാർഷികത്തിൽ പുരസ്‌കാരം നൽകുമെന്ന് സിബി മലയിൽ അറിയിച്ചു.