കൊച്ചി: നോർവേയിലെ വിൽസൺ എ. എസ് .എയിൽനിന്ന് എട്ട് 6300 ടി. ഡി.ഡബ്ല്യു ഡ്രൈ കാർഗോ വെസലുകൾ നിർമ്മിക്കാനുള്ള ഫോളോ അപ്പ് കരാർ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ചു. ആറ് 3800 ടി. ഡി. ഡബ്ല്യു ഡ്രൈ കാർഗോയുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി കഴിഞ്ഞ വർഷം ജൂണിൽ ലഭിച്ച കരാറിന്റെ തുടർച്ചയാണിത്. ഈ യാനങ്ങളുടെ നിർമ്മാണം കർണാടകയിലെ ഉഡുപ്പി യാർഡിൽ പുരോഗമിക്കുകയാണ്. സെപ്തംബർ 19നകം കരാറിൽ ഒപ്പുവയ്ക്കും. സമാനമായ നാല് കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള തുടർ കരാറിനുള്ള വ്യവസ്ഥയുണ്ട്.
100 മീറ്റർ നീളമുള്ള കപ്പലിന് 6.5 മീറ്റർ ഡിസൈൻ ഡ്രാഫറ്റിൽ 6300 മെട്രിക് ടൺ ഭാരം ഉണ്ട്. നെതർലാൻഡ്‌സിലെ കൊനോഷിപ്പ് ഇന്റർനാഷണലാണ് കപ്പലുകളുടെ രൂപകൽപ്പന നിർവഹിച്ചത്, കൂടാതെ യൂറോപ്പിലെ തീരക്കടലിൽ പൊതുചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസൽ ഇലക്ട്രിക് യാനങ്ങൾ നിർമ്മിക്കുന്നതിനും കപ്പൽ ശാലയെ തിരഞ്ഞെടുത്തിട്ടുണ്ട്. 1,100 കോടി രൂപയാണ് കരാറിന്റെ മൂല്യം. 2028 സെപ്‌തംബറിനകം യാനങ്ങൾ കൈമാറും.