
പള്ളുരുത്തി: പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുമ്പളങ്ങിയിലെ 1720 വീടുകളിൽ ക്യു.ആർ കോഡ് സ്ഥാപിക്കുന്നു. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ രേഖപ്പെടുത്താനായാണ് ക്യു ആർ കോഡ് സ്ഥാപിക്കുന്നത്. ഹരിത മിത്രം പദ്ധതിയുടെ ഭാഗമായി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഹരിത കർമസേന അംഗങ്ങൾ വഴി കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ സഗീർ അദ്ധ്യക്ഷനായി. ജെൻസി ആന്റണി , ജോസി വേലിക്കകത്ത് , ലില്ലി റാഫേൽ, ലീജ തോമസ്, സെക്രട്ടറി സിജ ജോസഫ് , വി. ഒ.ടെസ, നിഥിൻ എന്നിവർ സംബന്ധിച്ചു. ഇതിനായി ഹരിതകർമ സേന അംഗങ്ങൾ വീട്ടിൽ സമീപിക്കുമ്പോൾ വീട്ടു ഉടമസ്ഥന്റെയോ ഉടമസ്ഥയുടെയോ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ പരിശോധനക്കായി നൽകണമെന്ന് അധികൃതർ അറിയിച്ചു.
ക്യു. ആർ കോഡിലൂടെ അറിയാം വിവരങ്ങൾ
1. എല്ലാ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ വിവരങ്ങൾ ഇതിലൂടെ ലഭ്യമാവും.
2. ഹരിതകർമ്മ സേനയുടെ യൂസർഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും.
3. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആപ്പിലുണ്ട്.
4. പൊതുവായ മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ഇതിലൂടെ സാധിക്കും.