avanthika

കൊച്ചി: നാലു വയസു മുതൽ തുടങ്ങിയ നട്ടെല്ലിന്റെ വളവ് നിവ‍ർന്ന്,​ കൂന് മാറിയതിന്റെ സന്തോഷത്തിലാണ് അരൂക്കുറ്റി തൃച്ചാറ്റുകുളം എൻ.എസ്.എസ് എച്ച്.എസ്.എസ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ അവന്തിക. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയാണ് അവന്തികയുടെ ബുദ്ധിമുട്ടിന് അതിവേഗ പരിഹാരം കണ്ടത്. വളവ് 120 ഡിഗ്രി എത്തിയപ്പോഴാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്‌പൈൻ സർജറി വിഭാഗത്തിൽ അവന്തിക ചികിത്സ തേടിയത്. പ്രത്യേക രീതിയിലുള്ള ചികിത്സാ സംവിധാനം വഴി രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം സ്‌പൈൻ സർജറി വിഭാഗം മേധാവി ഡോ.ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അവന്തികയുടെ നട്ടെല്ലിലെ വളവും കൂനും നിവർത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ഡോ.ആർ. കൃഷ്ണകുമാർ, ഡോ.പി.വി. ലൂയിസ്, പി.വി. സേവ്യർ, ഡോ.എബിൻ എം. സൈമൺ, ഡോ. അഷറഫ് ജമാൽ, അവന്തികയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ, അമ്മ ശ്രീലക്ഷ്മി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.