കൊച്ചി: തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് റെയിൽവേ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന സമിതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്ന ട്രെയിനിലും ദിവസേനെ സർവീസ് നടത്തുന്ന ട്രെയിനിലും മതിയായ സൗകര്യമില്ല. ഇതിനു പരിഹാരമായി തീർത്ഥാടന പ്രാധാന്യമുള്ള മാസങ്ങളായ സെപ്തംബർ -ഒക്ടോബറിലും ഏപ്രിൽ-മേയ് മാസത്തിലും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, അദ്ധ്യാത്മിക ഉപദേഷ്ടാവ് ജോസ് നവസ് എന്നിവരാണ് കത്ത് നൽകിയത്.