
ആലുവ: ആലുവ മാർക്കറ്റ് റോഡ് വികസനം പരിഗണനയിലുണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയാകുമോയെന്ന ആശങ്കയിൽ പൊതുജനം. പതിറ്റാണ്ടുകളായി മാറിവന്ന സർക്കാരുകളുടെയെല്ലാം പ്രഖ്യാപനമാണ് ഇപ്പോഴത്തെ മന്ത്രിയും ആവർത്തിക്കുന്നത്.
നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ റോഡാണ് കാരോത്തുകുഴി മുതൽ മാർക്കറ്റിലെ സർവീസ് റോഡ് വരെ. ഏകദേശം 350 മീറ്റർ കുപ്പിക്കഴുത്ത് പോലെയാണ്. റോഡിന് ഇരുവശവും കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ കെട്ടിടങ്ങളാണ്. ഭൂരിഭാഗവും അരി - പലവഞ്ജന വ്യാപാരികൾ. ഇവരൊക്കെയും ഭൂമി വിട്ടുനൽകുന്നതിന് ഒരുക്കവുമാണ്. സമീപമുള്ള സെന്റ് ഡൊമിനിക്ക് പള്ളിയുടെ കപ്പേള നീക്കുന്നതിന് പള്ളിക്കമ്മിറ്റിയും സമ്മതം അറിയിച്ചിരുന്നു. എന്നിട്ടും റോഡിന്റെ വികസനം നടന്നില്ല.
കാൽനൂറ്റാണ്ട് മുമ്പ് കെ. മുഹമ്മദാലി എം.എൽ.എ ആയിരിക്കെയാണ് മാർക്കറ്റ് റോഡ് വികസനമെന്ന ആശയം ഉയർന്നത്. ജില്ലാ ആശുപത്രി മുതൽ കാരോത്തുകുഴി കവല വരെ റോഡ് വികസിപ്പിച്ചപ്പോഴും മാർക്കറ്റ് റോഡിന് മാറ്റമുണ്ടായില്ല. ആലുവയിൽ നിന്ന് തൃശൂർ, പറവൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കാരോത്തുകുഴി ആശുപത്രി മുതൽ എൻ.എച്ച് സർവീസ് റോഡ് വരെ വളരെ വീതി കുറഞ്ഞ റോഡിലൂടെ പോകുന്നതിനാൽ ടൗണിലും മാർക്കറ്റ് റോഡിലും രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
അനുമതി നൽകണമെന്ന് എം.എൽ.എ, പരിഗണനയിലുണ്ടെന്ന് മന്ത്രി
10 കോടിയുടെ ഭരണാനുമതി വേണമെന്ന് എം.എൽ.എ
മാർക്കറ്റ് റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 10 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിട്ടുണ്ട്. 2024 - 25ലെ ബജറ്റിൽ പദ്ധതിക്ക് ടോക്കൺ പ്രൊവിഷൻ നൽകിയിട്ടുണ്ടെന്നും അതിനാൽ അടിയന്തിര പ്രധാന്യത്തോടെ അനുമതി നൽണമെന്നുമാണ് എം.എൽ.എയുട ആവശ്യം.
മാർക്കറ്റ് റോഡിനെ എൻ.എച്ച് 544 മായി ബന്ധിപ്പിക്കുന്ന 350 മീറ്റർ റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുണ്ട്. ഏതെങ്കിലും പദ്ധതിയിൽപ്പെടുത്തി ഈ പ്രവൃത്തി നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കുകയാണ്.
പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത് മന്ത്രി
പ്രതീക്ഷിത ചെലവ് 10 കോടി