കൊച്ചി: സ്‌കൂട്ടറിൽ കൊണ്ടുവന്ന മാലിന്യക്കെട്ട് പാതയോരത്ത് ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.

മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ പി.എസ്. സുധാകരൻ മാലിന്യം ഉപേക്ഷിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
റെയിൽവേ ട്രാക്കുകളിലും സ്റ്റേഷൻ പരിസരങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിലും ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. യാത്രക്കാർ വലിച്ചെറിയുന്ന കുപ്പികളും കവറുകളും മറ്റ് മാലിന്യങ്ങളും പരിസ്ഥിതിക്ക് വൻ ഭീഷണി ഉയർത്തുന്നു. നിറയെ യാത്രക്കാരുള്ള കംപാർട്ട്‌മെന്റുകളിൽ മാലിന്യം നിക്ഷേപിക്കാൻ മതിയായ സംവിധാനമില്ലാത്ത സാഹചര്യങ്ങളും വിലയിരുത്തിയ ഡിവിഷൻബെഞ്ച് റെയിൽവേ അധികൃതരുടെ റിപ്പോർട്ട് തേടി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ നൂതന സംവിധാനങ്ങൾ അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിംഗപ്പൂരിലും മറ്റും പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ പ്ലാസ്റ്റിക് കത്തിക്കാനും മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കാനും സംവിധാനമുണ്ട്. പ്ലാസ്റ്റിക് കഷണങ്ങളും തരികളും അതേപടി ഉപേക്ഷിക്കാതെ പ്ലാസ്റ്റിക് കുപ്പികളിലും മറ്റും ശേഖരിച്ച് മാലിന്യനിർമ്മാർജന കേന്ദ്രങ്ങളിൽ എത്തിച്ചാൽ പാരിസ്ഥിതിക ഭീഷണി വലിയൊരളവോളം ഒഴിവാകും. ഫാക്ടിൽ ഉപേക്ഷിക്കപ്പെടുന്ന ജിപ്‌സം റോഡ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ സാദ്ധ്യതകളും കോടതി ആരാഞ്ഞു.