
കോലഞ്ചേരി: പാട്ടും പാടി ലഹരിയെ തുരുത്താൻ പാരഡിപ്പാട്ടുകളുമായി പൊലീസുകാരന്റെ ലഹരി വിരുദ്ധ പോരാട്ടം. ആലുവ നാർക്കോട്ടിക് സെല്ലിലെ എ.എസ്.ഐ പട്ടിമറ്റം ചേലക്കുളം സ്വദേശി വി.എസ്. ഷിഹാബിന്റേതാണ് വ്യത്യസ്ത ബോധവത്കരണം.
സൂപ്പർ ഹിറ്റ് ഫാസ്റ്റ് നമ്പർ പാട്ടുകളുടെ പാരഡിയാണ് തയ്യാറാക്കിയിട്ടുള്ളത്. തെക്കേ വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കു മുന്നിൽ ലഹരി വിരുദ്ധ ദിനത്തിൽ അവതരിപ്പിച്ച പാട്ട് ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
നമ്മൾ പറയുന്ന സീരിയസായ കാര്യങ്ങൾ കുട്ടികളിലേയ്ക്ക് പെട്ടെന്ന് എത്തിക്കാനുള്ള എളിയ ശ്രമമാണ് നടത്തിയതെന്ന് ഷിഹാബ് പറയുന്നു. അവർക്ക് ഇഷ്ടപ്പെടുന്ന ഒരു പാട്ടിലൂടെയാണെങ്കിൽ നമ്മൾ പറയുന്ന വാക്കുകളെ കാതോർക്കുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യത്യസ്ത ലഹരി വിരുദ്ധ പോരാട്ടം നടത്തുന്നതെന്നാണ് ഷിഹാബ് പറഞ്ഞു.
പൊലീസ് സേനയുടെ ഗാനമേള പരിപാടികളിലടക്കം സ്ഥിരം സാന്നിദ്ധ്യമാണ് ഷിഹാബ്. കുടുംബ സുഹൃത് സദസുകളിൽ പാടുമ്പോൾ കിട്ടുന്ന പ്രോത്സാഹനമാണ് ഇത്തരമൊരു വേറിട്ട ശൈലി പരീക്ഷിക്കാൻ പ്രേരിപ്പച്ചതെന്ന് ഷിഹാബ് പറയുന്നു. ഭാര്യ: റസ് ല, മക്കൾ: അസ് ലഹ, അൽത്താഫ് (ഇരുവരും വിദ്യാർത്ഥികൾ)