post

കൊച്ചി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ അപകട ഇൻഷ്വറൻസ് പരിരക്ഷയൊരുങ്ങുന്നു. സംസ്ഥാന എൻ.ആ‌ർ.ഇ.ജി.എ മിഷനുമായി തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കാണ് പദ്ധതിയൊരുക്കുന്നത്.

തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷ നൽകും. പദ്ധതിക്ക് ഐ.പി.പി.ബി അക്കൗണ്ട് നിർബന്ധമാണ്. റോഡപകടം, തീപ്പൊള്ളൽ, വഴുതി വീഴുക, പാമ്പ് കടിയേൽക്കുക എന്നിങ്ങനെ ഏത് തരത്തിലുള്ള അപകടങ്ങൾക്കും പരിരക്ഷ ലഭിക്കും. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും ഈ പദ്ധതിയിൽ ചേരാം.

പ്രത്യേക ക്യാമ്പ്

ഒരു സ്ഥലത്ത് താത്പര്യമുള്ള തൊഴിലാളികൾ 30 പേരോ അതിന് മുകളിലോ ഉണ്ടെങ്കിൽ തപാൽ വകുപ്പിന്റെ സഹകരണത്തോടെ ക്യാമ്പുകൾ സജ്ജീകരിക്കും. തൊട്ടടുത്തുള്ള പോസ്റ്റ്‌ ഓഫീസിലും സൗകര്യം ലഭിക്കും. പോസ്റ്റ് ഓഫീസ് മുഖേന 200 രൂപ അടച്ച് ഐ.പി.പി.ബി അക്കൗണ്ട് വേഗത്തിലെടുക്കാം. തൊഴിലുറപ്പ് വേതനവും കിസാൻ സമ്മാൻ നിധി പോലുള്ള സമ്മാൻ ഗ്രാന്റുകൾ ലഭിക്കാനും അക്കൗണ്ട് ഉപയോഗിക്കാം.

 സ്കീമുകൾ
 499 രൂപ പ്ലാൻ

 10 ലക്ഷം രൂപ പരിരക്ഷ ലഭിക്കും

 അപകട മരണം സംഭവിക്കുകയോ അപകടത്തിൽ പൂർണമായ വൈകല്യമുണ്ടാവുകയോ ചെയ്താൽ 10 ലക്ഷം

 അപകടവുമായി ബന്ധപ്പെട്ട് കിടത്തി ചികിത്സ ആവശ്യമായാൽ അതിനു ഒരുലക്ഷം

 തുടർച്ചയായി ഏഴു ദിവസം അഡ്മിറ്റായാൽ 10000 രൂപ

 രോഗി കോമയിലായാൽ ഒരുലക്ഷം രൂപ

 തൊഴിലാളിക്ക് അപകടത്തെ തുടർന്ന് പൂർണ വൈകല്യമോ, മരണമോ സംഭവിച്ചാൽ മക്കളുടെ വിദ്യാഭ്യാസ ചെലവിലേക്ക് പരമാവധി ഒരു ലക്ഷം രൂപയും (പരമാവധി 2 കുട്ടികൾക്ക്) ലഭിക്കും.

289 രൂപയുടെ പ്ലാൻ

അപകട ഇൻഷ്വറൻസ് പരിരക്ഷ, അപകട മരണമോ പൂർണവൈകല്യമോ സംഭവിച്ചാൽ അഞ്ചു ലക്ഷം രൂപ

 അപകടത്തെ തുടർന്നുള്ള കിടത്തി ചികിത്സാ ചെലവിലേക്ക് 50000 രൂപ

 അപകടത്തെ തുടർന്ന് കോമയിലായാൽ 50000 രൂപ

താത്പര്യമുള്ളവർ ആധാർ കാർഡ്. ഒ.ടി.പി ലഭിക്കാൻ മൊബൈൽ ഫോൺ, ചേരാനുള്ള തുക എന്നിവയുമായി പോസ്റ്റ്‌ ഓഫീസിൽ എത്തിയാൽ പദ്ധതിയിൽ ചേരാം.