
തൃപ്പൂണിത്തുറ: മറ്റ് സമാന സ്റ്റേഷനുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വരുമാനവും യാത്രക്കാരുമുണ്ടായിട്ടും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ അധികാരികൾ അവഗണിക്കുന്നുവെന്ന് യാത്രക്കാർ. ആഴ്ചയിൽ ഒരു ദിവസം മാത്രം സർവ്വീസുള്ള ട്രെയിനുൾപ്പെടെ 18 ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ മാർച്ച് മാസത്തെ വരുമാനം 2.08 കോടി രൂപ! കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം 23.27 കോടി രൂപ! മാർച്ചു മാസത്തിൽ യാത്രക്കാരുടെ എണ്ണം 1.5 ലക്ഷം കടന്നു. വിവരാവകാശ രേഖ പ്രകാരം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സമാന സ്റ്റേഷനുകളായ അങ്കമാലിയിൽ 1.5 കോടിയും മാവേലിക്കരയിൽ 1.48 കോടിയും കരുനാഗപ്പള്ളിയിൽ 1.44 കോടിയുമാണ് മാർച്ചിലെ വരുമാനം. കഴിഞ്ഞ പത്ത് വർഷത്തിനിടെ വരുമാനവും യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അവഗണന പലവിധം
അധികമായി ഒരു ട്രെയിനിന് പോലും സ്റ്റോപ്പ് ലഭിച്ചില്ല
വേളാങ്കണ്ണി പ്രതിവാര എക്‌സ്‌പ്രസിന്റെ സ്റ്റോപ്പ് എടുത്തു മാറ്റി
പ്രതിമാസം 5 ലക്ഷം മാത്രം വരുമാനമുള്ള ഇടപ്പള്ളിയിൽ അമൃത എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിച്ചപ്പോഴും തൃപ്പൂണിത്തുറയെ അവഗണിച്ചു
ധർണയുമായി ട്രൂറ
എല്ലാ ദീർഘദൂര ട്രെയിനുകൾക്കും തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജൂലായ് 13ന് എം.പി.മാരെയും മറ്റ് നേതാക്കളെയും പങ്കെടുപ്പിച്ച് പ്രതിഷേധ ധർണ നടത്തുമെന്ന് ട്രൂറ എക്സി. കമ്മിറ്റി അറിയിച്ചു.
റെയിൽവേ മന്ത്രിമാരടക്കമുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അവഗണന തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്
വി.പി. പ്രസാദ്, ചെയർമാൻ
വി.സി. ജയേന്ദ്രൻ, കൺവീനർ
ട്രൂറ
18 തൃപ്പുണിത്തുറയിൽ സ്റ്റോപ്പുള്ള ട്രെയിനുകൾ
2.08 കോടി -മാർച്ചിലെ വരുമാനം
23.27 കോടി - കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനം