
മൂവാറ്റുപുഴ: നഗരസഭയുടെ 16-ാം വാർഡിലൂടെ പോകുന്ന പേട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് മൂവാറ്റുപുഴ നഗരസഭ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. നഗര വികസനം എത്തിപ്പെടാത്ത ജനസാന്ദ്രയേറിയ പ്രദേശമായ പേട്ടയിൽ ഗതാഗത സൗകര്യങ്ങൾ തീരെ ഇല്ല. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പേട്ട റോഡാണ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം. പേട്ട റോഡ് ആവശ്യത്തിന് ഉയർത്തി നിർമ്മിച്ചാൽ മൂവാറ്റുപുഴ- തൊടുപുഴ റോഡിലേക്കും എം.സി റോഡിലേക്കും നഗരത്തിലെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾക്ക് പോകുവാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടവർക്ക് പേട്ട റോഡ് വഴി ആരക്കുഴ റോഡിൽ കയറി തടസങ്ങൾ ഒഴിവാക്കി എം.സി റോഡിലേക്ക് എളുപ്പത്തിൽ കടക്കാവുന്നതാണ്. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിന്ന് കാവുംപടി റോഡിലേക്ക് വാഹനം തിരിച്ചുവിട്ടാൽ പേട്ട റോഡ് വഴി ഏതുഭാഗത്തേക്കും പോകുവാൻ കഴിയും. ഇതുവഴി മൂവാറ്റുപുഴ ടൗണിലെ ഗതാഗതത്തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും. ഈ ആവശ്യം നവകേരള സദസിൽ നൽകിയ നിവേദനം പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ നിർമ്മിക്കുന്ന വിഭാഗത്തിന് കൈമാറിയിരുന്നു . ഈ സാഹചര്യത്തിലാണ് യാത്ര സൗകര്യത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പേട്ട റോഡ് തൊടുപുഴ റോഡ് വരെ ഉയർത്തി നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നഗരസഭകൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. നവകേരള സദസിൽ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചിരുന്ന മേൽപാലം നിർമ്മിക്കണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് ചീഫ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകണമെന്നും പ്രമേയത്തിൽ പറയുന്നു.
പേട്ട റോഡ് ഉയർത്തി നിർമ്മിച്ചാൽ കോട്ടയം, തൊടുപുഴ, പിറവം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾക്ക് നഗരത്തിലെ ഗതാഗതകുരുക്കിൽപ്പെടാതെ കടന്നുപോകാൻ കഴിയും.
ജാഫർ സാദിക്ക്
വാർഡ് കൗൺസിലർ