
കൊച്ചി: ജില്ലയിൽ മനുഷ്യജീവന് അപകടകരമായ നിലയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി.
അമ്പലമുഗൾ അയ്യങ്കുഴിയിലുണ്ടായ വാതക ചോർച്ചയിൽ സ്ഥലത്തെത്തി പരിശോധന നടത്താത്തത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയരോട് വിശദീകരണം ചോദിക്കണമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. ആവശ്യപ്പെട്ടു. തമ്മാനിമറ്റം പാലത്തിന്റെ ഡിസൈനിലുള്ള അവ്യക്തത സംബന്ധിച്ച് അടുത്തമാസം 30നകം അന്തിമ തീരുമാനമെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വടുതല, എളംകുളം മലിനജല സംസ്‌കരണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എം.ആർ.എല്ലും വാട്ടർ അതോറിറ്റിയും അറിയിച്ചു. മുട്ടാറിൽ 50 എം.എൽ.ഡി യുടെയും എളംകുളത്ത് 55 എം.എൽ.ഡിയുടെയും പ്ലാന്റുകളാണ് നിർമ്മിക്കുന്നത്. കോതമംഗലത്ത് വന്യജീവി ആക്രമണം നേരിടാനായി സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കൂടുതൽ വാച്ചർമാരെയും നിയോഗിച്ചു. കഴിഞ്ഞ മാർച്ച് വരെയുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു.
വടുതല അറ്റ്‌ലാന്റിസ് റെയിൽവേ മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു.
 ആവശ്യങ്ങൾ
പി.വി. ശ്രീനിജൻ എം.എൽ.എ: നെല്ലാട് - മനയ്ക്കകടവ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണം, കോലഞ്ചേരി ബൈപ്പാസിന്റെ നിർമ്മാണം വേഗത്തിലാക്കണം. ചാലിക്കര ആറാട്ടുമലയിൽ എട്ട് ഏക്കർ ഭൂമിയിൽ മണ്ണെടുക്കുന്നതിനെതിരേ നടപടിയെടുക്കണം
റോജി ജോൺ എം.എൽ.എ: അയ്യമ്പുഴ പ്ലാന്റേഷനിലേക്കുള്ള കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് സമയത്തർക്കം പരിഹരിക്കണം. കാലടി -മലയാറ്റൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരണം. അങ്കമാലി കരയാംപറമ്പ് ജംങ്ഷനിലെയും അങ്ങാടിപ്പറമ്പത്ത് ജംഗ്ഷനിലെ ഗതാഗതം പൂർവസ്ഥിതിയിലാക്കണം.
ടി.ജെ.വിനോദ് എം.എൽ.എ:
മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ചുറ്റുമതിലിന്റെ ഉയരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണം. എസ്.ആർ.എം. റോഡിലെ സ്‌കാവഞ്ചേഴ്‌സ് വിഭാഗത്തിലുള്ളവക്ക് പട്ടയം നൽകണം. ജനകീയ കോളനിയിലുള്ളവർക്കും പട്ടയം നൽകണം
മാത്യു കുഴൽനാടൻ എം.എൽ.എ:
മുറിക്കൽ ബൈപ്പാസിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം. ഏറ്റെടുക്കുന്നതിനായി കല്ലിട്ട് നിശ്ചയിച്ച സ്ഥലങ്ങളിൽ ജിയോ ടാഗിംഗ് നടത്തണം.