മൂവാറ്റുപുഴ: പത്ര വിതരണ ഏജന്റിന് പണം നൽകാതായതോടെ പായിപ്ര ഗ്രാമപഞ്ചായത്തിലെ 13 ഗ്രന്ഥശാലകളിൽ പത്രവിതരണം നിലച്ചു. ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 13 ലൈബ്രറികളാണ് പായിപ്ര പഞ്ചായത്തിലുള്ളത്. കഴിഞ്ഞ 12 വർഷമായി ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ഈ ലൈബ്രറികളിൽ എല്ലാ മലയാള ദിനപത്രങ്ങളും ഒരു ഇംഗ്ലീഷ് പത്രവും തൊഴിൽ രഹിതർക്കുള്ള പ്രസിദ്ധീകരണവും ആനുകാലിക പ്രസിദ്ധീകരണങ്ങളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് വരുത്തിയിരുന്നത്. ഇതിനായി എല്ലാവർഷവും പഞ്ചായത്ത് ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ഏഴ് മാസമായി പത്രം വിതരണം ചെയ്യുന്ന ഏജന്റിന് പണം നൽകിയിരുന്നില്ല. 1.25 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. ഇതിനായി ഏജന്റ് പല തവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയേയും ബന്ധപ്പെട്ട വാർഡ് മെമ്പർമാരേയും സമീപിച്ചിട്ടും ഇടപെട്ടില്ലെന്ന ആരോപണവുമുണ്ട്. ഇതോടെ പഞ്ചായത്ത് പരിധിയിലുള്ള ലൈബ്രറികളിലെ പത്ര വിതരണം കഴിഞ്ഞ മാസം മുതൽ നിലച്ചിരിക്കുകയാണ്. ലൈബ്രറി ഭാരവാഹികളും മറ്റ് സാംസ്കാരിക സംഘടന ഭാരവാഹികളുമടക്കം പത്രവിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പഞ്ചായത്ത് അധികൃതർക്ക് എതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.