
കോതമംഗലം: കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ കുത്തുകുഴിക്ക് സമീപം ബൈക്കിൽ പിക്കപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മുരിക്കാശ്ശേരി പൂമാംകണ്ടം അമ്പഴത്തുങ്കൽ റെഞ്ചിയുടെ (സെബാസ്റ്റ്യൻ ) മകൻ നിഖിൽ (23) ആണ് മരിച്ചത്. ഇൻഫോപാർക്കിലെ ജോലി കഴിഞ്ഞ് ബൈക്കിൽ മുരിക്കാശ്ശേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു നിഖിൽ. കുത്തുകുഴി സങ്കീർത്തന ഓഡിറ്റോറിയത്തിന് മുന്നിലെ വളവിൽ കോതമംഗലത്തേക്ക് വരികയായിരുന്ന പിക്കപ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബൈക്കിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ നിഖിലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ് ലൂസി, സഹോദരൻ നവീൻ. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് മുരിക്കാശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.