kkl

കൂത്താട്ടുകുളം: നിർദ്ധനരായ കുളങ്ങരക്കുന്നേൽ രാധയും കുടുംബവും ഇനി പുതിയ വീടിന്റെ തണലിലേക്ക്. അയൽവാസി നടപ്പുവഴി കെട്ടി അടച്ച് ലൈഫ് വീടു നിർമ്മാണം തടസപ്പെടുത്തിയ ഘട്ടത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങി പദ്ധതി പൂർത്തീകരിക്കുകയായിരുന്നു.
കൂത്താട്ടുകുളം പതിനൊന്നാം ഡിവിഷനിലെ രാധയ്ക്ക് അനുവദിച്ച ലൈഫ് ഭവന നിർമ്മാണമാണ് സമീപവാസിയുടെ എതിർപ്പിനേത്തുടർന്ന് മുടങ്ങിയത്. പതിനഞ്ച് വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകക്ക് താമസിച്ചിരുന്ന രാധയും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിലാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്. ഇവരുടെ അവസ്ഥ അടുത്തറിയുന്ന കിഴക്കേ കൊച്ചു കുന്നേൽ മാത്യു ജോസഫ് പതിനൊന്നാം ഡിവിഷനിൽ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു.എന്നാൽ സമീപവാസി ഈ സ്ഥലത്തേക്കുള്ള വഴി മതിൽ കെട്ടി അടച്ചു.
ഇതോടെ അനുവദിച്ചിരുന്ന വീടുപണി ആരംഭിക്കാൻ കഴിഞ്ഞില്ല. ഫണ്ട് ലാപ്സായി പോകുമെന്ന് കാട്ടി രോഗിയായ ഭർത്താവും രണ്ടു കുട്ടികളുമുള്ള രാധ മുട്ടാത്ത വാതിലുകളില്ല.
ഇവരുടെ അവസ്ഥ അറിഞ്ഞതോടെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി. എൻ പ്രഭകുമാർ,സണ്ണി കുര്യാക്കോസ്, എം.ആർ സുരേന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, നഗരസഭാ അധ്യക്ഷ വിജയാ ശിവൻ, വാർഡ് കൗൺസിലർ സുമാ വിശ്വംഭരൻ, അനിൽ തുടങ്ങിയവർ ചേർന്ന് വീടിന് തറക്കല്ലിട്ടു. നിരന്തര ഇടപെടലിനെ തുടർന്ന് സ്വകാര്യ വ്യക്തി നാല് അടി വീതിയിൽ വഴി വിട്ടു നൽകി. സമീപത്തെ ചെറിയ
തോടിന് മുകളിൽ കലുങ്ക് സ്ഥാപിച്ച് വഴി നിർമ്മിക്കുകയും ചെയ്തു. പുതിയ പോസ്റ്റ് സ്ഥാപിച്ച് ഇലക്ട്രിക് കണക്ഷൻ നൽകി. തലച്ചുമടായി മണ്ണടക്കമുള്ള നിർമ്മാണ സാധനങ്ങൾ എത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരും നാട്ടുകാരും ഒപ്പം ചേർന്നു. വിവിധ സംഘടനകളുടെ സഹായം ലഭ്യമാക്കിയാണ് പണികൾ പൂർത്തീകരിച്ചത്. മൂന്നു മുറിയും ടൊയ്ലറ്റും അടുക്കളയും സിറ്റൗട്ടും ഉൾപ്പെടുന്ന എല്ലാ പണികളും തീർത്ത വീട്ടിലേക്ക് രാധയും കുടുംബവും ഞായറാഴ്ച താമസം മാറ്റും.