ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസുകൾ യാത്രക്കാരെ കാത്തു കിടക്കുന്ന സ്ഥലം പുന:ക്രമീകരിച്ചു. പുതിയ ഡിപ്പോയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടാതെ കിഴക്ക് ഭാഗത്തും ബസുകൾക്ക് സ്ഥലമൊരുക്കിയാണ് പുതിയ ക്രമീകരണം. അങ്കമാലി, ചാലക്കുടി, മാള, കട്ടപ്പന, കോതമംഗലം ബസുകൾ ഇനി മുതൽ കിഴക്ക് ഭാഗത്ത് പാർക്ക് ചെയ്യണം. കഴിഞ്ഞ ദിവസം വരെ എല്ലാ ബസുകളും പടിഞ്ഞാറ് ഭാഗത്ത് മാത്രമായാണ് പാർക്ക് ചെയ്തിരുന്നത്. എന്നാൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകളിൽ കയറാൻ യാത്രക്കാർ ഇപ്പോഴും കെട്ടിടം വട്ടം ചുറ്റിവരണം. യാത്രക്കാർ തെന്നി വീഴുമെന്ന പേരിൽ കെട്ടിടത്തിനുള്ളിലെ പ്രവേശന കവാടങ്ങൾ കയർ കെട്ടി തിരിച്ചിരിക്കുന്നതിനാലാണ് നേരെ കയറാനാകാത്തത്.