logo

 കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും

കൊച്ചി: കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി യൂണിറ്റ് പുറത്തിറക്കുന്ന '113 അമേസിംഗ് വിമൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിമൻ കോൺക്ലേവും ഇന്ന് നടക്കും. പാലാരിവട്ടം ഹോട്ടൽ റിനൈയിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് പുസ്തകം പ്രകാശനം ചെയ്യും. കോസ്റ്റൽ പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ ജെ. പൂങ്കുഴലി പുസ്തകം ഏറ്റുവാങ്ങും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. സായിശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ മാതൃവന്ദനം നടത്തും. കേരളകൗമുദി കോർപ്പറേറ്റ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്, വിമെൻ എന്റർപ്രണേഴ് നെറ്റ്‌വർക്ക് (വെൻ) പ്രസിഡന്റ് ദിവ്യ തോമസ്, റോട്ടറി ഡിസ്ട്രിക്ട് 3201 അസിസ്റ്റന്റ് ഗവർണർ രോഷ്‌ന ഫിറോസ് എന്നിവർ സംസാരിക്കും. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദിയും പറയും.

'വനിതാശാക്തീകരണം: പുതിയസാദ്ധ്യതകൾ, അവസരങ്ങൾ" എന്ന വിഷയത്തിൽ നടക്കുന്ന വിമൻ കോൺക്ലേവിൽ വി സ്റ്റാർ ക്രിയേഷൻസ് മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സൺറൈസ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, പ്രിൻസി വേൾഡ് ട്രാവൽ ഡയറക്ടർ ഡോ. ദേവിക മേനോൻ, ബെസ്റ്റിനേഷൻ ഹോളിഡെയ്സ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ജീന ഫെർണാണ്ടസ്, പറക്കാട്ട് ജുവൽസ് ഡയറക്ടർ പ്രീതി പറക്കാട്ട്, തോട്ട് ഫാക്ടറി ഡിസൈൻ+ വയ കേരള ഫൗണ്ടർ ഡയറക്ടർ തെരേസ ജോസഫ് ജോർജ്, മ്യൂറൽ ചിത്രകാരി അനു അമൃത തുടങ്ങിയവരാണ് പാനലിസ്റ്റുകൾ. വെൻ അംഗം തെരേസ്യ പി. ജോർജ് മോഡറേറ്ററാകും.

ഇ.വി.എം സ്‌കോഡ, ബെസ്റ്റിനേഷൻ ഹോളിഡെയ്‌സ് എന്നിവർ മുഖ്യപ്രായോജകരാകുന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും.