lab

കൊച്ചി: ജീവനക്കാരെയും സങ്കേതിക സഹായവും ലഭിച്ചില്ല,നഗരസഭയുടെ മൊബൈൽ ഭക്ഷ്യപരിശോധനാ ലാബിന് സ്റ്റാർട്ടിംഗ് ട്രബിൾ. കൊച്ചി കോർപ്പറേഷനും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി ആവിഷ്കരിച്ച മൊബൈൽ ലാബ് കഴിഞ്ഞ ജനുവരി മൂന്നിനാണ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തത്.

ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്റെ സി.എസ്.ആർ ഫണ്ട് ചെലവഴിച്ചാണ് ലാബ് തയ്യാറാക്കിയത്. എന്നാൽ പിന്നീട് മഴയും വെയിലുമേറ്റ് കോർപ്പറേഷന്റെ ഓഫീസ് കോമ്പൗണ്ടിൽ സുഖസുഷുപ്തിയിലാണ്. പാൽ, ചായപ്പൊടി, ശർക്കര, വെളിച്ചെണ്ണ, വെള്ളം തുടങ്ങി പാചകം ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാനുള്ള സൗകര്യം ലാബിലുള്ളത്.

പദ്ധതിക്ക് ആവശ്യമായ ജീവനക്കാരെ കോർപ്പറേഷൻ നിയമിക്കുമെന്ന് മേയറും ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിന്ന് സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന് മന്ത്രിയും ഉദഘാടന വേളയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആറ് മാസം പിന്നിടുമ്പോഴും ഒന്നും സംഭവിച്ചില്ല.

എന്നും സാമ്പത്തിക പരാധീനതകൾ ചൂണ്ടിക്കാട്ടി വികസനം തടസപ്പെടുത്തുമ്പോൾ, സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സി.എസ്.ആർ ഫണ്ടുകൾ പോലും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തത് ഭരണസമിതിയുടെ പരാജയമാണെന്ന് കോർപ്പറേഷൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാക്കളായ അഡ്വ. ആന്റണി കുരീത്തറയും എം.ജി .അരിസ്റ്റോട്ടിലും ആരോപിച്ചു.

ആഴ്ചയിൽ ഒരിക്കൽ മത്സ്യ മാർക്കറ്റുകളുടെ പരിശോധനയ്ക്ക് ഫിഷറീസ് ഇൻസ്‌പെക്ടറുടെയും ഭക്ഷ്യസുരക്ഷാ ഓഫീസറുടെയും സേവനം ലഭ്യമാക്കുമെന്ന് മേയർ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. കോർപ്പറേഷൻ ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെയും നിയമിച്ചില്ല. വാഹനം തുരുമ്പ് എടുത്ത് നശിക്കുന്നതിനാൽ മൊബൈൽ ലാബ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടെങ്കിലും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

 ചെലവ് 41 ലക്ഷം രൂപ

 സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടച്ചാൽ സ്വകാര്യവ്യക്തികൾക്കും വെള്ളം, പാൽ എന്നിവയുടെ ഗുണമേന്മപരിശോധിപ്പിക്കാം

 ''മൊബൈൽ ലാബിന്റെ പ്രവർത്തനച്ചുമതല അസി. സെക്രട്ടറിക്കാണ്. ഇത് സംബന്ധിച്ച ആക്ഷേപമൊന്നും കൗൺസിലിന്റെ പരിഗണനയിൽ വന്നിട്ടില്ല''

: ടി.എച്ച്. അഷറഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

 ''മൊബൈൽ ലാബ് നരഗരസഭ ആരോഗ്യവിഭാഗത്തിന്റെ ചുമതലയിലാണ്, പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ല.''

അസി. സെക്രട്ടറി, കൊച്ചി കോർപ്പറേഷൻ.