chittattukara-panchayath

പറവൂർ: പുതിയ ദേശീയപാത നിർമ്മാണത്തിൽ മുനമ്പം, പട്ടണം കവലകളിലെ പൊതുമരാമത്ത് റോഡുകൾ താറുമാറായി ഗതാഗതം ദുഷ്കരമായതോടെ ശ്രദ്ധക്ഷണിക്കൽ സമരവുമായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ. കാൽനടയാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഇതിന് പരിഹാരം കാണണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അധികാരികളുടെ നിർദ്ദേശങ്ങൾ കരാർ കമ്പനി പരിഗണിക്കുന്നില്ല. തകർന്നുപോയ റോഡും ചെളിയും ഇരുചക്ര വാഹന യാത്രക്കാർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മഴക്കാലമായതോടെ അപകടം നിത്യസംഭവമായി മാറി. ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്നും നിർമ്മാണം തടയുന്ന സമരമാർഗം സ്വീകരിക്കുമെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് സമരം ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. ക്ഷേമകാര്യ ചെയർമാൻ വി.എ. താജുദ്ദീൻ, ആരോഗ്യ ചെയർ പേഴ്സൻ ലൈബി സാജു, ബ്ലോക്ക് മെമ്പർ സിംന സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ ഗിരിജ അജിത്കുമാർ, വാസന്തി പുഷ്പൻ, എം.എ. സുധീഷ് എന്നിവർ സംസാരിച്ചു.