
വൈപ്പിൻ: യുവജനങ്ങളെയും വിദ്യാർത്ഥികളെയും ഐ.ടി മേഖലയിൽ ജോലി നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടെക്‌നോവാലി എൽ.എസ്.ജി പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല സ്റ്റേക്ക് ഹോൾഡർമാർ ഉൾപ്പെടെയുള്ളവരുടെ യോഗങ്ങൾക്ക് തുടക്കമായി. ഞാറക്കലിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർക്കാർ നിർദ്ദേശപ്രകാരം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി അഞ്ച് ദിവസത്തെ വെർച്ച്വൽ കരിയൽ വർക്ക്‌ഷോപ്പുകൾ ഉണ്ടാകും. ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 പേർക്കാണ് പരിശീലനം ലഭിക്കുക.
പ്രഥമ പരിഗണന 18നും 24 വയസിനും ഇടയിലുള്ള ബിരുദധാരികൾക്കാണ്. സൈബർ സെക്യൂരിറ്റി, എഐ, ഡാറ്റാ സയൻസ്, മിഷൻ ലേണിംഗ് തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ വെബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും. തൊഴിലന്വേഷകർക്ക് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസും കൗൺസിലിംഗും ഉണ്ടാകും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. സാജിത്ത്, ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ബാലാമണി ഗിരീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ചന്ദ്രൻ, ടെക്‌നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യ സി.ഇ.ഒ ആനന്ദ്, അസി. ജനറൽ മാനേജർ ഡോ. കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു.