കട്ടപ്പന: ഡോക്ടർമാരുടെ കുറവും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കാഞ്ചിയാർ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പിന്നോട്ട് അടിക്കുന്നു. കാർഷിക മേഖലയായ ലബ്ബക്കടയിലെ ആളുകളുടെ ആകെയുള്ള ആശ്രയമാണ് സർക്കാർ കുടുംബാരോഗ്യ കേന്ദ്രം. നാല് ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നിടത്ത് ഒരു സ്ഥിര ഡോക്ടറുടെയും ഒരു താത്കാലിക ഡോക്ടറുടെയും സേവനം മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. നാല് സ്ഥിര ഡോക്ടർമാരിൽ ഒരാൾ വർക്കിംഗ് അറേഞ്ച്‌മെന്റിനായി മാറിപ്പോയതും ഒരാൾ ശമ്പളത്തോട് കൂടി അവധിയിൽ പ്രവേശിച്ചതും ഒരാൾ നീണ്ട അവധിയിൽ പ്രവേശിച്ചതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആളുകളുടെ ദുരിതം മനസിലാക്കി പഞ്ചായത്ത് ഒരു താത്കാലിക ഡോക്ടറുടെ സേവനം ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ നിരവധി പേർ ദിനംപ്രതിയെത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിനും കാരണമാക്കുകയാണ്. കൂടാതെ ആറ് സബ് സെന്ററുള്ള ആശുപത്രിയിൽ മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ മാത്രമാണുള്ളത്. അതിൽ ഒരാൾ അവധിയിൽ പ്രവേശിച്ചതോടെ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ആദിവാസി മേഖലയടക്കം ഉൾപ്പെടുന്ന കാഞ്ചിയാർ പ്രദേശത്തെ ആളുകൾ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ആശുപത്രിയിൽ തൃപ്തകരമായ സേവനം ലഭ്യമാവാത്ത സാഹചര്യത്തിൽ ദീർഘദൂരം സഞ്ചരിച്ച് കട്ടപ്പനയിലെ സർക്കാർ ആശുപത്രിയേയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് മേഖലയിലെ ആളുകൾ. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ചോർന്നൊലിക്കുന്ന കെട്ടിടം
ഡോക്ടർമാരുടെ കുറവിന് ഒപ്പം കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും ആശുപത്രിയുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു. മഴ പെയ്യുന്നതോടെ ആശുപത്രിയുടെ പല ഭാഗങ്ങളും ചോർന്നൊലിക്കുന്ന സ്ഥിതിയാണുള്ളത്. കെട്ടിടത്തിന്റെ സീലിംഗ് അടക്കം പലയിടത്തും തകർന്നുകൊണ്ടിരിക്കുകയുമാണ്.