തൊടുപുഴ: സംസ്ഥാനത്ത് ജപ്തി നടപടികൾ തടയുന്നതിന് സർക്കാർ ഇടപെടണമെന്നും നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ സഹകരണ മേഖലയെ കൂടി ഉൾപ്പെടുത്തണമെന്നും തൊടുപുഴയിൽ ചേർന്ന ജപ്തി വിരുദ്ധ സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. 10 സെന്റ് ഭൂമിയും വീടും ജപ്തി നടപടികളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം. പലിശ ഒഴിവാക്കി മുതൽ തവണകളായി തിരിച്ചടയ്ക്കാൻ അവസരമൊരുക്കി ജനങ്ങളെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, സഹകരണ മന്ത്രി, ധനമന്ത്രി എന്നിവർക്ക് സമർപ്പിക്കുന്ന നിവേദനത്തിന്റെ ഉള്ളടക്കത്തിന് കൺവെൻഷൻ രൂപം നൽകി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ജപ്തി ഭീഷണി നേരിടുന്നവരുടെ കൺവെൻഷനിൽ അപ്പച്ചൻ ഇരുവേലിൽ അദ്ധ്യക്ഷനായി. ജപ്തിവിരുദ്ധസമിതി ജില്ലാ സെക്രട്ടറി എൻ.കെ. ദിവാകരൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ആർ. കുഞ്ഞപ്പൻ, രക്ഷാധികാരി എൻ. വിനോദ്കുമാർ, ജെയിംസ് കോലാനി, അജി സി.എൻ. അടിമാലി, അന്നകുട്ടി എന്നിവർ സംസാരിച്ചു.