തൊടുപുഴ: വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയിൽ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലുണ്ടായത് കനത്ത നാശനഷ്ടം. തലനാരിഴയ്ക്കാണ് പലരും രക്ഷപെട്ടത്. നാല് മണിക്കൂറിലേറെ നീണ്ട കനത്ത മഴക്കൊപ്പം നിരവധിയിടങ്ങളിലായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഏറെ ദുരിതമുണ്ടാക്കിയത്. വെള്ളിയാമറ്റം, പൂച്ചപ്ര, നാടുകാണി, നാളിയാനി, ചെപ്പുകുളം, കൊളപ്രം തുടങ്ങിയ മേഖലകളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. മേഖയിൽ വലിയ രണ്ട് ഉരുൾ പൊട്ടലുകളും ചെറിയ ഏഴ് ഉരുൾ പൊട്ടലുകളുമാണ് ഉണ്ടായത്. വാഹനങ്ങൾക്കും വീടുകൾക്കും മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത് ഏറെ ആശങ്ക പരത്തിയിരുന്നു. ഉച്ചയോടെ മഴ തുടങ്ങി ഏതാനും സമയത്തിനുള്ളിൽ തന്നെ പ്രദേശങ്ങളിലെ പല തോടുകളും പുഴകളും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഏതാനും സമയത്തിനുള്ളിൽ തന്നെ മലയോര മേഖലകളിലെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിൽ തുടങ്ങിയിരുന്നു. കനത്ത മഴ കാരണം പല സംഭവങ്ങളും വൈകിയാണ് പുറത്തറിഞ്ഞത്. ഇന്നലെ റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ 25 ലേറെ കർഷകരുടെ അഞ്ച് ഹെക്ടറോളം കൃഷിയിടം വിവിധയിടങ്ങളിലായി ഒലിച്ച് പോയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതോടൊപ്പം നിരവധി വീടുകൾക്കും നാശഷ്ടമുണ്ടായി. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും അറക്കുളം, വെള്ളിയാമറ്റം വില്ലേജുകളിലായി അഞ്ച് വീടുകൾ തകർന്നു. കരിപ്പലങ്ങാട് പാടത്തിൽ വീട്ടിൽ രാജപ്പൻ, കക്കാട്ട് കല്യാണി, കൊളപ്രം കോഴിക്കോട്ട് നാരായണൻ, കളിക്കാട്ട് കുഞ്ഞപ്പൻ, കലയന്താനി സ്വദേശി മാത്യു എന്നിവരുടെ വീടുകളാണ് തകർന്നത്. വെള്ളിയാമറ്റം വില്ലേജിൽ കുളപ്രം ഭാഗത്ത് 50 വീടുകൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇതിന് പുറമേ ദുരന്ത ബാധിത മേഖലകളിൽ വ്യാപകമായി വൈദ്യുതി തൂണുകൾ തകർന്ന് വീണു. ദിവസങ്ങൾക്ക് ശേഷം മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകൂവെന്ന് അധികൃർ സൂചിപ്പിച്ചു. ഇതോടൊപ്പം സംസ്ഥാന പാതയിലെ തകർച്ച ഉൾപ്പെടെ നിരവധി റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഇന്നലെ പകലാണ് കൂടുതൽ വ്യക്തമായത്. ഇന്നലെ പകൽ മുഴുവൻ മഴ മാറി നിന്നത് ആളുകൾക്ക് ആശ്വാസമായി.

കനത്ത മഴയിൽ തടിയനാൽ നാളിയാനി റോഡ് ഇടിഞ്ഞ് താഴ്ന്നു. ഇതിന് താഴെയായി താമസിക്കുന്ന വെള്ളാൻ കാപ്പിതോട്ടത്തിൽ, രാജമ്മ ഇല്ലിക്കാട്ടിൽ എന്നിവരുടെ വിടുകൾക്ക് അപകട ഭീഷണിയിലാണ്. വെള്ളിയാമറ്റം പഞ്ചായത്തിലെ ലത്തീൻ പള്ളി റോഡിലുള്ള പാലത്തിന് സമീപം ചെരിപ്പുറം കോളനിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീടുകൾ അപകടത്തിലാണ്. അങ്കണവാടി പ്രവർത്തിച്ചിരുന്ന കോഴിപ്പിള്ളിയിലെ കമ്മ്യൂണിറ്റി ഹാളിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണു. കോഴിപ്പള്ളി കുളമാവ് റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് തടസ്സം നീക്കിയത്. പന്നിമറ്റത്ത് വടക്കാനറിന് കുറുകെയുണ്ടായിരുന്ന നടപ്പാലം ഒടിഞ്ഞു. ഇപ്പോൾ ഇതിനോട് ചേർന്നുള്ള ചപ്പാത്ത് വഴിയാണ് വാഹനങ്ങളും ആളുകളും മറുകരയെത്തുന്നത്. വടക്കാനറിൽ വെള്ളം ഉയർന്നതോടെ ഈ ചപ്പാത്തും മുങ്ങി. മുമ്പ് ചപ്പാത്തിൽ വെള്ളം കയറുമ്പോൾ മറുകര കടക്കാൻ നടപ്പാലം ഉപയോഗിച്ചിരുന്നു. ഇത് തകർന്നതോടെ ചപ്പാത്ത് മുങ്ങുമ്പോൾ ആളുകൾ ഇരുകരയിലും കുടുങ്ങും. വെള്ളം ഇറങ്ങിയ ശോഷം മാത്രമേ ആളുകൾക്ക് മറുകരയിൽ എത്താനാകൂ. ഇവിടെ പാലം പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ ഞായറാഴ്ചയും ഓറഞ്ച് അലർട്ട് തുടരും.


സ്ഥലത്ത് എത്തിപ്പെടാനാകാതെ ഫയർഫോഴ്‌സ്
തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ കരിപ്പിലങ്ങാട് ഹെയർപിൻ വളവിൽ മണ്ണിടിച്ചിലുണ്ടായി നിരവധി വാഹനങ്ങൾ അകപ്പെട്ടു എന്ന വിവരമറിഞ്ഞ് വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാ സേനയും കുളമാവ് പൊലീസും സ്ഥലത്തേക്ക് കുതിച്ചെങ്കിലും വഴി നീളെ വാഹനങ്ങളുണ്ടായിരുന്നതും പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് കിടന്നതും മൂലം അഗ്‌നിരക്ഷാസേന സ്ഥലത്തേക്ക് എത്താൻ ഏറെ സമയമെടുത്തു. നാടുകാണി അയ്യകാടിനും കുളമാവിനും ഇടയിൽ കൂറ്റൻ മരം വീണ് കിടന്നതിനാൽ കുളമാവ് പോലീസിന് സ്ഥലത്തേക്ക് എത്താനായില്ല. ആറോളം വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് പതിച്ചിരുന്നു. ഇതിൽ നിന്നും നാല് വാഹനങ്ങൾ യാത്രക്കാരുടെ സഹായത്തോടെ പിന്നിലേക്ക് മാറ്റാനായി. എന്നാൽ രണ്ട് കാറുകൾ പൂർണ്ണമായും മണ്ണിൽ പുതഞ്ഞു. ഇതിലെ യാത്രക്കാർ ഏറെ സമയത്തിനൊടുവിൽ അതി സാഹസികമായി പുറത്തിറങ്ങി. ഈ സമയമെല്ലാം 200 മീറ്ററിലേറെ ഉയരത്തിൽ നിന്നും നേരിയ തോതിൽ മണ്ണും കല്ലും താഴേക്ക് പതിക്കുന്നുണ്ടായിരുന്നു. യാത്രക്കാർ പുറത്തെത്തി ഏതാനും സമയത്തിനുള്ളിൽ തന്നെ രണ്ടാമതും മലയിടിഞ്ഞ് താഴേക്ക് പതിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ചിതറിയോടിയാണ് രക്ഷപെട്ടത്. ഇരുട്ടിനൊപ്പം കനത്ത മൂടൽ മഞ്ഞ് കൂടി പരന്നതോടെ ഇവിടേക്ക് ആർക്കും എത്താൻ പറ്റാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാ സേനയും മണ്ണ് മാന്തി യന്ത്രവുമൊക്കെ സ്ഥലത്തെത്തിയെങ്കിലും ആദ്യ ഘട്ടത്തിൽ ഇവിടേക്ക് അടുക്കാനായില്ല. പിന്നീട് എത്തിച്ച വെളിച്ചത്തിന്റെ സഹായത്തോടെ അർദ്ധരാത്രി 12 മണിയോടെയാണ് ഏതാനും ഭാഗത്തെ മണ്ണ് മാറ്റി ഒറ്റ വരിയായി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിന് ശേഷം മണ്ണ് പതിച്ച നാല് വാഹനങ്ങൾ ഇവിടെ നിന്ന് നീക്കി. സാരമായ കേടുപാടുകൾ പറ്റിയ രണ്ട് കാറുകൾ മാറ്റാനായില്ല. മണ്ണിടിഞ്ഞ് പതിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി രക്ഷപെട്ടതാണ് വലിയ ദുരന്തം ഒഴിവാകാൻ ഇടയാക്കിയതെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. കരിപ്പിലങ്ങാടിന് ഇരുഭാഗത്തേക്കും സംസ്ഥാന പാതയിൽ ഒട്ടേറെയിടങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഇതിൽ പലതും വരും ദിവസങ്ങളിൽ കൂടുതൽ താഴേക്ക് പതിക്കുമോയെന്ന ഭായപ്പാടിലാണ് നാട്ടുകാർ.

ഉരുൾപൊട്ടിയത് രണ്ടിടത്ത്
വെള്ളിയാമറ്റം പഞ്ചായത്തിൽ രണ്ടിടത്താണ് ഉരുൾ പൊട്ടിയത്. പൂച്ചപ്ര ദേവര്പാറയ്ക്ക് സമീപം കൊളപ്രം ഭാഗത്തും കുരുതിക്കളം പൂച്ചപ്ര റൂട്ടിലുമാണ് ഉരുൾ പൊട്ടിയത്. കൊളപ്രത്ത് വീടിന് ഇരുവശത്ത് കൂടിയും ഉരുൾപൊട്ടി ഒഴുകിയതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ കുടുംബത്തെ രാത്രി സഹസികമായിട്ടാണ് രക്ഷപെടുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തൊട്ടടുത്ത് നിന്ന പന വെട്ടി ഉരുൾപൊട്ടിയുണ്ടായ തോടിന് കുറുകെ ഇട്ട് കോഴിക്കാട്ട് നാരായണന്റെ കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സമയം വീട്ടിൽ നാരായണന്റെ ഭാര്യ ജഗദമ്മ, മകൻ സുനിൽ, ഭാര്യ ജ്യോതി, ഇവരുടെ മകൻ സിദ്ധാർഥ് എന്നിവരാണ് ഉണ്ടായിരുന്നത്. കുരുതിക്കളത്തിനും പൂച്ചപ്രയ്ക്കും ഇടയിൽ രാത്രി ഏഴിനുണ്ടായ ഉരുൾ പൊട്ടലിൽ റോഡിന്റെ ഇരുവശവും ഇടിഞ്ഞു. റോഡരികിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി തൂണുകൾ ഒടിഞ്ഞു. ഇതേ തുടർന്ന് കുരുതിക്കുളം പൂച്ചപ്ര റോഡിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ മുൻ വർഷങ്ങളിലും ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. മഴ ശക്തമായാൽ ഇവിടെ വീണ്ടും ഉരുൾപൊട്ടുമെന്ന ഭീതിയിലാണ് നാട്ടുകാർ.


മൂലമറ്റം ചേറാടി റോഡ് തകർന്നു
മൂലമറ്റം: ചേറാടിയിൽ ഉരുൾപൊട്ടി മൂലമറ്റം ചേറാടി റോഡ് തകർന്നു. ഉരുൾപൊട്ടിയ വെള്ളമൊഴുക്ക് ശക്തമായതിനെ തുടർന്ന് താഴ്വാരം കോളനി പാലം കവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ കഴിഞ്ഞ മഴക്കാലത്തും കോളനിയിലെ വീടുകളിൽ വെള്ളം കയറുകയും തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്തിരുന്നു. വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് രാത്രിയിൽ തന്നെ മന്ത്രി റോഷി അഗസ്റ്റിൻ, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, വാർഡ് മെമ്പർ ഉഷ ഗോപിനാഥ് എന്നിവർ സ്ഥലത്തെത്തി. അഞ്ചാനിമല ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. അഞ്ചാനിക്കൽ റെജിയുടെ പുരയിടത്തിലാണ് വലിയ വീതിയിൽ ഉരുൾപൊട്ടിയത്. റബ്ബർ, കാപ്പി, കൊക്കോ, കമുക്, കപ്പ, വാഴ, കുരുമുളക് തുടങ്ങി രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കനത്ത മഴയിൽ മൂലമറ്റം ടൗണിന് സമീപമുള്ള തോടുകൾ കരകവിഞ്ഞാണൊഴുകിയത്. ഇതേ തുടർന്ന് ടൗണിൽ വലിയ വെള്ളക്കെട്ടുണ്ടായി. അറക്കുളം പുത്തൻ പള്ളി, കോട്ടയം മുന്നി, ആലാനിക്കൽ തോട്ടം എന്നീ ജലനിധി ഗ്രൂപ്പുകളുടെ കിണറും മൂന്ന് പമ്പ് സെറ്റുകളും മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ തടി വന്നിടിച്ച് തകർന്നു.

പരിക്കേറ്റ യുവതിയെ മന്ത്രി സന്ദർശിച്ചു
മണ്ണിടിഞ്ഞ് വീണ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാടത്തിൽ അനുജമോളെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. വെള്ളിയാമറ്റത്ത് രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പന്നിമറ്റം സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ മൂന്നു കുടുംബങ്ങളും വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്നു കുടുംബങ്ങളുമാണുള്ളത്. ഇവർക്കായി പഞ്ചായത്തും റവന്യൂ വകുപ്പും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പും തകർന്ന പാലവും ജില്ലാപഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, പഞ്ചായത്തംഗങ്ങളായ വി.കെ കൃഷ്ണൻ, മോഹനൻ പുതുശേരി, ഷേർളി കൃഷ്ണൻ എന്നിവർ സന്ദർശിച്ചു. തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ, അറക്കുളം വില്ലേജ് ഓഫീസർ ലക്ഷ്മി മോഹൻ, താലൂക്ക് ദുരന്ത നിവാരണ അംഗങ്ങളായ ജി. സുനീഷ് , മുഹമ്മദ് നിസാർ ,ആർ.ബിജുമോൻ എന്നിവരും ദുരിതബാധിത മേഖലകൾ സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി.

തൊടുപുഴയിൽ റെക്കാഡ് മഴ
വെള്ളിയാഴ്ച തൊടുപുഴ താലൂക്കിൽ മാത്രം 61.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ദേവികുളത്ത് 16 മില്ലീമീറ്ററും ഇടുക്കിയിൽ 15.8 മില്ലീമീറ്ററും മഴ പെയ്തപ്പോൾ പീരുമേട്ടിൽ ഒരു മീല്ലീമീറ്റർ മഴ മാത്രമാണ് പെയ്തത്. വെള്ളിയാഴ്ച ഉടുമ്പൻചോല താലൂക്കിൽ കാര്യമായ മഴ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസം ജില്ലയിൽ പെയ്തത് 180.6 മില്ലീമീറ്റർ മഴയാണ്. ഇതിൽ 100.2 മില്ലീമീറ്ററും ലഭിച്ചത് തൊടുപുഴ താലൂക്കിലാണ്. മഴയിൽ ലോറേഞ്ചിൽ ആകെ അഞ്ച് ഹെക്ടർ കൃഷിനാശമാണ് കണക്കാക്കുന്നത്.