പീരുമേട്: വെള്ളിയാഴ്ച രാത്രിയിൽ ഗ്ലെൻമേരി പുതുവലിൽ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നു. എൽ.എം.എസ്. പുതുവൽ, ഗ്ലെൻ മേരി പുതുൽ തുടങ്ങിയ പ്രദേശങ്ങളിൽ പശുക്കളെ അഴിച്ചു വിട്ടാണ് വളർത്തുന്നത്. മേയാൻ പോയ പശുവിനെ ഇന്നലെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ഉടമ ഹുസൈൻ അന്വേഷിച്ച് പോയപ്പോഴാണ് പുലി പിടിച്ച നിലയിൽ കണ്ടെത്തിയത്. പഴയ പാമ്പനാർ വുഡ്‌ലാൻസ് ഏലപ്പാറ റോഡിന് സമീപമുള്ള തേയില തോട്ടത്തിന് സമീപത്ത് നിന്നാണ് പുലി പിടിച്ച നിലയിൽ പശുവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുറിഞ്ഞ പുഴ ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ക്യാമറ സ്ഥാപിച്ചിരുന്നു. ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളും നാട്ടുകാരും ഭീതിയിലായിരിക്കുകയാണ്. ലാഡ്രം എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങി രണ്ട് പശുക്കളെ പിടിച്ചിരുന്നു. തോട്ടത്തിൽ മേയാൻ അഴിച്ചു വിട്ട പശുക്കളെയാണ് പുലിപിടിച്ചത്. എസ്റ്റേറ്റിൽ നിന്ന് ഒട്ടേറേ വളർത്തുനായ്ക്കളെയും കാണാതായിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ആകെ ഭീതിയിലാണ്.