കട്ടപ്പന: നഗരത്തിലെ വഴിയോര കച്ചവടത്തിനെതിരെ നടപടിയെടുത്ത് കട്ടപ്പന നഗരസഭയും രംഗത്തെത്തി. നഗരത്തിൽ വഴിയോരക്കച്ചവടം നിരോധിച്ചുകൊണ്ട് നേരത്തെ നഗരസഭ തീരുമാനമെടുത്തിരുന്നു. മുമ്പ് വഴിയോര കച്ചവടം വർദ്ധിച്ച സാഹചര്യത്തിൽ വ്യാപാരികളടക്കം പ്രതിഷേധവുമായി പലതവണ രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പൂർണമായ പരിഹാരം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് നിവേദനം നൽകുകയും കച്ചവടം പൂർണമായി നിരോധിച്ചുകൊണ്ട് നഗരസഭ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്നാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ ശനി ഉച്ചയോടെ പിക്കപ്പ് വാഹനത്തിൽ പഴവർഗ്ഗങ്ങൾ വിറ്റ സംഘത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. നഗരസഭ മാതൃകാപരമായ നടപടിയാണ് കൈക്കൊണ്ടതെന്നും വഴിയൊര കച്ചവടത്തിനെ തുടർന്ന് ഗതാഗതമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിൽ പൊലീസ് അധികാരികൾ കൂടി ഇത്തരത്തിലെ അനധികൃത വില്പനകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.