തൊടുപുഴ: പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിൽ 13 ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് ഒരുക്കാൻ ഹരിതകേരളം മിഷൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ ജില്ലയിൽ 14 തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആദ്യ ഘട്ടത്തിൽ 3 ഏക്കർ 46 സെന്റ് സ്ഥലത്ത് പച്ചത്തരുത്ത് ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തനത് വൃക്ഷങ്ങളും തദ്ദേശീയ സസ്യവും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ഫലവൃക്ഷ തൈകളും നാട്ടു സസ്യങ്ങളും നട്ടു വളർത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ ഉണ്ടാക്കും.നാളെ ജില്ലാതല ഉദ്ഘാടനം നടക്കും. നിലവിൽ 72 ഇടങ്ങളിലായി 24 ഏക്കർ പച്ചത്തുരുത്താണുള്ളത്. കാർബൺ ന്യൂട്രൽ പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഇരട്ടയാർ ഗ്രാമപ ഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ആരംഭിക്കുന്നത്.