20-acre
കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അങ്കണവാടി

കട്ടപ്പന: അദ്ധ്യയനവർഷം ആരംഭിച്ചിട്ടും അങ്കണവാടികളോടുള്ള അധികൃതരുടെ അവഗണനയിൽ മാറ്റമില്ല. കട്ടപ്പന നഗരസഭ പരിധിയിൽ 48 അങ്കണവാടികളുള്ളതിൽ 13 അങ്കണവാടികളുടെ കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ആറ് അങ്കണവാടികൾ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് കല്യാണത്തണ്ട് അങ്കണവാടി മൂന്നുവർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ കുട്ടികൾ പെരുവഴിയിലാകുന്ന സ്ഥിതിയായി. 35 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് നേരത്തെ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. നഗരസഭ എൻജിനിയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ ഇവിടം പ്രവർത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. മുമ്പ് ഏറെ കുട്ടികൾ പഠിച്ചിരുന്ന ഇരുപതേക്കർ അങ്കണവാടി എട്ടുമാസത്തിലേറെയായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. അങ്കണവാടികളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ ഐ.സി.ഡി.എസിന് 20 ലക്ഷം രൂപ അനുവദിച്ചപ്പോഴും അർഹതപ്പെട്ട പല അങ്കണവാടികളെയും നഗരസഭ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. അർഹതപ്പെട്ട മുഴുവൻ അങ്കണവാടികൾക്കും പുതിയ കെട്ടിടം അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. നഗരസഭയുടെ അങ്കണവാടി കെട്ടിട നിർമാണ മുൻഗണന പട്ടികയിൽ നിന്ന് കല്യാണത്തണ്ട് ഉൾപ്പെടെയുള്ള അങ്കണവാടികളെ ഒഴിവാക്കിയതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ സമരപരിപാടികൾ നടത്തിയിരുന്നു. സ്ഥിതിഗതികൾ തുടർന്നാൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് എൽ.ഡി.എഫ് അംഗങ്ങൾ നേതൃത്വം നൽകുമെന്നും അറിയിച്ചു.