കട്ടപ്പന: ചുട്ടുപൊള്ളിയ മണ്ണിൽ ഉഷ്ണം ശമിപ്പിച്ച് മഴ പെയ്തിറങ്ങിയതോടെ കൃഷിയിടങ്ങളിൽ ഭീമൻ കൂണുകൾ അതിഥിയായെത്തി. നരിയംപാറ വിനോദ് ഭവനിൽ വിനോദിന്റെ കൃഷിയിടത്തിലാണ് കൗതുകകാഴ്ച. കാർഷിക മേഖലയെ കരിച്ചുണക്കിയ കനത്ത വേനൽ നരിയംപാറ സ്വദേശി വിനോദിന്റെ കൃഷിയിടത്തിലും വലിയ നാശം വിതച്ചിരുന്നു. വേനൽ മാറി ശക്തമായ മഴ ലഭിക്കാൻ തുടങ്ങിയതോടെ കാർഷിക മേഖലയ്ക്ക് ഉണർവ് ഒന്നുമില്ലെങ്കിലും ചില അതിഥികൾ കൃഷിയിടത്തിൽ മുളച്ചു പൊങ്ങാൻ തുടങ്ങി. യാദൃശ്ചികമായി കൃഷിയിടത്തിൽ ഇറങ്ങിയ വിനോദ് കരഞ്ഞുണങ്ങിയ എലത്തട്ടകൾക്കിടയിൽ ചില കൂണുകൾ വളർന്നുനിൽക്കുന്നത് കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ കൂണുകളുടെ എണ്ണം കൂടുകയും വലിപ്പം അസാധാരണമാംവിധം വർദ്ധിക്കുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം ഭീമാകാരമായ നിരവധി കൂണുകളാണ് കൃഷിയിടത്തിൽ കാണപ്പെട്ടത്. കൂണുകൾ ഭക്ഷിയോഗ്യമായതാണോ അല്ലയോ എന്ന് അറിയാത്തതിനാൽ കൃഷിയിടത്തിൽ തന്നെ വിനോദ് സംരക്ഷിച്ചു. എന്തായാലും ദിവസങ്ങൾ മാത്രം ആയുസുള്ള കൂണുകളുടെ കൂട്ടം വേറിട്ട കാഴ്ചാ അനുഭവം തന്നെയാണ് സമ്മാനിച്ചത്. ആകെയുണ്ടായിരുന്ന ഏലം കൃഷി കരിഞ്ഞുണങ്ങിയെങ്കിലും എന്തെന്നില്ലാത്ത ഒരു സന്തോഷം തന്നെയാണ് അതിഥിയായി കിളിർത്തു പൊങ്ങിയ ഈ കൂണുകൾ സമ്മാനിക്കുന്നത്.