തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ തൊടുപുഴയോടുള്ള അവഗണന അവസാനിപ്പിക്കുകയും വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം ജോസഫ് ജോണും നിയോജകമണ്ഡലം പ്രസിഡന്റ് ജോസി ജേക്കബും ആവശ്യപ്പെട്ടു. പി.ജെ. ജോസഫ് എം.എൽ.എ നിരന്തരം ആവശ്യപ്പെട്ടിട്ടും തൊടുപുഴയിലെ പല വികസന പ്രവർത്തനങ്ങളും സർക്കാർ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയാണ്. തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതിയും ഫണ്ടും ഉണ്ടായിട്ടും എസ്റ്റിമേറ്റ് പുതുക്കി നൽകി നിർമ്മാണം ആരംഭിക്കാൻ സർക്കാർ ഇനിയും തയ്യാറാകാത്തത് മനപ്പൂർവമായ അവഗണനയാണ്. തൊടുപുഴയിൽ ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഉമ്മൻചാണ്ടി സർക്കാർ ഭരണാനുമതി നൽകിയിരുന്നെങ്കിലും തുടർനടപടി സ്വീകരിക്കാത്തതും അവഗണനയാണ്. മലങ്കര ടൂറിസം വികസനത്തിന് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 103 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഇത് അവഗണിച്ച് ഭരണകക്ഷി എം.എൽ.എമാരുടെ നിയോജകമണ്ഡലങ്ങളിലെ ടൂറിസം വികസനത്തിന് മുൻഗണന നൽകി. യു.ഡി.എഫ് സർക്കാർ ഭരണാനുമതി നൽകിയ 28 കോടിയുടെ മുണ്ടേക്കല്ല് സിവിൽ സ്റ്റേഷൻ നിർമ്മാണം മനപ്പൂർവം താമസിപ്പിച്ചു. കേരളത്തിൽ എവിടെയെങ്കിലും വൈദ്യുതി ലഭ്യമായാൽ തൊടുപുഴയിൽ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്ന പുതിയ 440 കെ.വി സബ്‌സ്റ്റേഷൻ നിർമ്മാണം അട്ടിമറിച്ചു. കിഫ്ബിയിൽ നിർമ്മിക്കാൻ നിർദ്ദേശിച്ച കുരുതികുളം- തൊടുപുഴ- വണ്ണപ്പുറം- ചേലച്ചുവട് റോഡ് നിർമ്മാണ പദ്ധതിയും തൊടുപുഴ- ആനക്കയം റോഡ് നിർമ്മാണ പദ്ധതിയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മന്ദഗതിയിലാക്കി. തൊടുപുഴ നിയോജകമണ്ഡലത്തിലെ കോട്ട റോഡിന്റെ നിർമ്മാണത്തിന് പലതവണ നിവേദനം നൽകിയെങ്കിലും സർക്കാർ അനുമതി നൽകിയില്ല. മാരിയിൽ കടവ് പാലത്തിന്റെ ഇരുവശത്തേക്ക് നിർമ്മിക്കാൻ പി.ജെ. ജോസഫ് മന്ത്രിയായിരുന്ന സമയത്ത് ഭരണാനുമതി നൽകിയ കാരിക്കോട്- മുതലിയാർമഠം- കാഞ്ഞിരമറ്റം- ചുങ്കം ബൈപ്പാസിന്റെ നിർമ്മാണം വൈകിപ്പിക്കുകയാണ്. യു.ഡി.എഫ് സർക്കാർ ഭരണാനുമതി നൽകിയ നെല്ലാപ്പാറ- മടക്കത്താനം ബൈപ്പാസിന്റെ മടക്കത്താനം പാലം നിർമ്മാണം താമസിപ്പിക്കുകയാണ്. തൊടുപുഴ മോർ ജംഗ്ഷൻ വികസനം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ല. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നുള്ള ഗ്രാമീണ ബസ് സർവീസുകൾ ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ താറുമാറായി. മുതലക്കോടം ബൈപ്പാസ് നിർമ്മാണത്തിനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമ്മിക്കാനുള്ള 15 കോടി രൂപയുടെ പദ്ധതിയ്ക്ക് മനപൂർവ്വം അനുമതി നിഷേധിച്ചു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടം വന്ന തൂക്കുപാലങ്ങളുടെ പുനർനിർമ്മാണം അട്ടിമറിച്ചു. പാപ്പൂട്ടി ഹാൾ റോഡിന്റെ തുടക്കത്തിലെ സ്ഥലം ഏറ്റെടുക്കാൻ പണം അനുവദിച്ചെങ്കിലും തുടർനടപടികൾ കാര്യക്ഷമമായി നടക്കുന്നില്ല. തൊടുപുഴ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സമഗ്രമായ പദ്ധതി നൽകിയെങ്കിലും യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.