 വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക് കേരള ജനത നൽകിയ പിന്തുണ ശ്രദ്ധേയം: മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: പുത്തനുടുപ്പിട്ട് കുഞ്ഞു ബാഗും തോളിലിട്ട് കുടചൂടി അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കുരുന്നുകൾ ആദ്യമായി വിദ്യാലയത്തിന്റെ പടി കടന്നെത്തി. ബലൂണുകളും വർണക്കടലാസുകളും കൊണ്ട് അലങ്കരിച്ചിരുന്ന ഒന്നാം ക്ലാസിലേക്ക് മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് അദ്ധ്യാപകർ നവാഗതരെ വരവേറ്റത്. സാധാരണ, മഴയിൽ കുതിർന്നാണ് സ്‌കൂൾ വർഷം ആരംഭിക്കാറുള്ളതെങ്കിലും ഇന്നലെ രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. പുതിയ സ്കൂൾ അന്തരീക്ഷത്തിൽ കന്നിക്കാരായ ചിലരുടെ കരച്ചിലിനും ആദ്യ ദിനം സാക്ഷിയായി. സ്‌കൂളിൽ നിന്നുള്ള മധുര പലഹാരങ്ങളും ബലൂണുകളും തൊപ്പിയും കിരീടവും മറ്റ് സമ്മാനങ്ങളും ഏറ്റുവാങ്ങി പുതിയ കൂട്ടുകാരോട് കളിയും ചിരിയും ആരംഭിച്ചു. പലരും പുത്തനുടുപ്പും ബാഗും സഹപാഠികളെ കാണിക്കാനും തിരക്കുകൂട്ടുന്ന കാഴ്ചയും കാണാമായിരുന്നു.

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവത്തോടനുബന്ധിച്ച്

ഗംഭീര ഒരുക്കങ്ങൾ നടത്തിയിരുന്നു. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുമിളി ജി.ടി.യു.പി സ്‌കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ കാലോചിത മാറ്റങ്ങളെ ഉൾക്കൊള്ളുന്നവിധം സമൂഹത്തെ വാർത്തെടുക്കുന്നതിൽ കേരള ജനത നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതായജ്ഞത്തിൽ തുടങ്ങി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ സാർവ്വത്രിക വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിക്കാൻ നമുക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാരിച്ചൻ നീറണാംകുന്നേൽ, ഉപവിദ്യാഭ്യാസ ഡയറക്ടർ ഷാജി, സ്‌കൂൾ ഹെഡ്മാസ്റ്റർ സി. പ്രിൻസ് എന്നിവർ പങ്കെടുത്തു.

തൊടുപുഴയിലെ പ്രധാന വിദ്യാലയങ്ങളായ സെന്റ് സെബാസ്റ്റ്യൻസ് യു.പി, എ.പി.ജെ അബ്ദുൾകലാം, വെങ്ങല്ലൂർ മോഡൽ യു.പി, ഡയറ്റ് ഉൾപ്പെടെ എല്ലാ സ്‌കൂളുകളും മികച്ച വരവേൽപ്പാണ് കുട്ടികൾക്ക് നൽകിയത്. സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ പൂക്കളും വർണ്ണക്കുടകളും കുട്ടികളുടെ ചിത്രങ്ങൾ പതിപ്പിച്ച പുസ്തകളും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലേയ്ക്ക് നിരവധി കുട്ടികളാണ് പ്രവേശനം നേടിയത്. സ്‌കൂൾ മാനേജർ ഫാ. സ്റ്റാൻലി കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൊടുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ നീനു പ്രശാന്ത്, ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, പി.ടി.എ പ്രസിഡന്റ് ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ദേശീയ താരങ്ങളെ അനുമോദിച്ചു. ഡയറ്റ് സ്‌കൂളിൽ നടന്ന പ്രവേശനോത്സവം കൗൺസിലർ ശ്രീലക്ഷ്മി സുദീപ് ഉദ്ഘാടനം ചെയ്തു. കടലാസ്‌ തൊപ്പികളും സമ്മാനങ്ങളും നൽകി കൗൺസിലർ കുട്ടികളെ സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജു ജോസ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പൽതല പ്രവേശനോത്സവം ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പഠനോപകരണങ്ങൾ നൽകി സ്വീകരിച്ചു. രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് മുതിർന്ന അദ്ധ്യാപകൻ പി.എൻ. സന്തോഷ് നയിച്ചു. പ്രിൻസിപ്പൽ ജയകുമാരി, എസ്.എം.സി ചെയർമാൻ ടോം വി. തോമസ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബഷീർ, റംസി റസാഖ്, സുഷമ. പി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.എൻ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ അക്ഷരദീപവും തെളിയിച്ചു.

ഹൈറേഞ്ചിലും പ്രവേശനോത്സവം കളറായി

രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുത്തനുടുപ്പും ബാഗും പഠനോപകരണങ്ങളും പൂക്കളും ബലൂണുമെല്ലാം നൽകിയാണ് പുതുതായി എത്തിയ കുരുന്നുകളെ സ്വീകരിച്ചത്. ജില്ലാ പഞ്ചായയത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഉഷ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ പി.എസ്. സുനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് ഷിജി ജെയിംസ്, പ്രിൻസിപ്പൽ എസ്.ഡി. വിമലാദേവി, ഹെഡ്മിസ്ട്രസ് എസ്. ബിന്ദു, പി.സി. പത്മനാഭൻ, സിന്ധു ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്ലസ്ടു, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയവരെയും, എൽ.എസ്.എസ് വിജയികളെയും ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.