village

തൊടുപുഴ : കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾ തങ്ങൾ ആരായിത്തീരുമെന്ന ഉത്തരമായാണ് എത്തിയത്. ചെയ്സ് യുവർ ഡ്രീംസ് എന്നതായിരുന്നു ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ തീം.ഡോക്ടർ, പൊലീസ്, പൈലറ്റ്, സൈന്റിസ്റ്റ്, അദ്ധ്യാപകൻ, നഴ്സ് തുടങ്ങി വിവിധ വേഷങ്ങൾ ധരിച്ചുകൊണ്ടാണ് കുട്ടികൾ സ്‌കൂളിൽ എത്തിയത്. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുൻപ് നിങ്ങൾ സ്വപ്നം കാണണം എന്ന ഡോ. എ പി ജെ അബ്ദുൾകലാ മിന്റെ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വ്യത്യസ്തമായ പ്രവേശനോത്സവം സംഘടിപ്പിച്ചത്. പുതുതായി സ്‌കൂളിൽ എത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു കാരിക്കേച്ചറിസ്റ്റിന്റെ സഹായത്തോടെ ചിത്രങ്ങൾ വരച്ചു നൽകിയത് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും കൗതുകം വർദ്ധിപ്പിച്ചു. തുടർന്ന് ക്ലാസുകളിൽ പലതരത്തിലുള്ള കലാപരിപാടികളോടുകൂടി പുതുവർഷത്തിലേക്ക് അഗ്നിച്ചിറകുകൾ ആയി മുന്നേറുവാൻ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾ തയ്യാറായി. തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സക്കറിയാസ് ജേക്കബ് കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥിനിയുടെ കാരിക്കേച്ചർ വരയ്ക്കുന്നു