തൊടുപുഴ: പതിനെട്ടാം ലോക്സഭയിലേക്ക് ഇടുക്കിയിൽ നിന്ന് ആര് യാത്രയാകണമെന്ന് മലയോര ജനതയെഴുതിയ വിധിയെന്തെന്ന് ഇന്നറിയാം. ഇടുക്കി മണ്ഡലത്തിലെ ഏക വോട്ടെണ്ണൽ കേന്ദ്രം പൈനാവ് എം.ആർ.എസ് സ്‌കൂളാണ്. രാവിലെ 7.30ന് സ്‌ട്രോങ് റൂമുകൾ തുറക്കും. എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളും വോട്ടിങ് യന്ത്രത്തിലെ ബാലറ്റുകളും ഒരേ സമയം എണ്ണിത്തുടങ്ങും. വരണാധികാരിയുടെ നേതൃത്വത്തിൽ നാല് ഹാളുകളിൽ സജ്ജീകരിച്ചിട്ടുള്ള 18 ടേബിളുകളിലാകും പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. നിയമസഭാ മണ്ഡലം തിരിച്ച് ഏഴ് ഹാളുകളിലായി വോട്ടിംഗ് യന്ത്രങ്ങളിലെ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്ക് ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി. വോട്ടെണ്ണൽ ദിനം പുലർച്ചെ അഞ്ചിന് നടക്കുന്ന മൂന്നാംഘട്ട റാൻഡമൈസേഷനിലാണ് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക.

വോട്ടെണ്ണൽ ഇങ്ങനെ
വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വയ്ക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും എല്ലാ വോട്ടിംഗ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ അതിൽ നിന്ന് ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസർ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരാൻ നിർദേശം നൽകും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.

പോസ്റ്റൽ ബാലറ്റിന്

പ്രത്യേക ക്രമീകരണം

കൗണ്ടിംഗ് ഹാളിൽ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളിൽ പരമാവധി 500 വോട്ടാണ് എണ്ണുക. പോസ്റ്റൽ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന്റെ മേൽനോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റൽ വോട്ടെണ്ണൽ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും.

സർവീസ് വോട്ടർമാരുടെ ഇ.ടി.പി.ബി.എസ് വോട്ടുകളും തപാൽ വോട്ടുകൾ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണൽ ദിവസം എട്ട് വരെ ലഭിച്ച ഇ.ടി.പി.ബി.എസുകൾ വോട്ടെണ്ണലിന് പരിഗണിക്കും. ക്യുആർ കോഡ് റീഡർ ഉപയോഗിച്ച് വോട്ടുകൾ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരു സൂപ്പർവൈസറും എ.ആർ.ഒയും ഇതിനായുണ്ടാവും. ക്യുആർ കോഡ് റീഡിംഗിന് ശേഷം കവറുകൾ പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും. ലഭിച്ച തപാൽ വോട്ടുകളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾക്കനുസൃതമായി സാധുവായ തപാൽ വോട്ടുകൾ തരംതിരിച്ച ശേഷം ഓരോ സ്ഥാനാർത്ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20ലുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക. വിജയിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണൽ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാൽവോട്ടുകളേക്കാൾ കുറവാണെങ്കിൽ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസർ അസാധുവായ മുഴുവൻ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനഃപരിശോധന മുഴുവൻ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

ഇന്ന് ഡ്രൈ ഡേ

വോട്ടെണ്ണൽ ദിനമായ ഇന്ന് ഡ്രൈഡേയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മദ്യമോ മറ്റ് ലഹരി പദാർത്ഥങ്ങളോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല.


ഇടുക്കിയിൽ 8893 തപാൽ വോട്ടുകൾ

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ആകെ 8893 തപാൽ വോട്ടുകളും 478 സർവീസ് വോട്ടുകളുമാണുള്ളത്.