എക്സിറ്റ് പോൾ ആഘാതത്തിൽ എൽ.ഡി.എഫ്, ആവേശത്തിൽ യു.ഡി.എഫ്
തൊടുപുഴ: ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ ഇനി ഏതാനും മിനിട്ടുകൾ മാത്രം. അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ കഴിഞ്ഞ ദിവസം വിവിധ ഏജൻസികളും ന്യൂസ് ചാനലുകളും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് എല്ലാവരും തിരഞ്ഞെടുപ്പ് ചൂടിലേക്ക് തിരിച്ചെത്തി. എല്ലാ പ്രവചനങ്ങളും കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായതോടെ എൽ.ഡി.എഫ് പ്രതിരോധത്തിലായി. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് സർവേകൾ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. എന്നാൽ എക്സിറ്റ് പോളുകൾ അശാസ്ത്രീയമാണെന്നും തിരഞ്ഞെടുപ്പ് ദിവസം ചിത്രം മാറുമെന്നും എൽ.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഓരോ മുന്നണികളും. 66.55 ശതമാനമാണ് ഇടുക്കി ലോകസഭാ മണ്ഡലത്തിലെ പോളിംഗ്. 1251189 വോട്ടർമാരുള്ള മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് 831936 പേർ മാത്രം. 2019ൽ 76.26 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ പത്ത് ശതമാനത്തോളമാണ് കുറവ്. ഇതിന് മുമ്പ് ഒരിക്കലേ പോളിംഗ് ശതമാനം ഇതിലും താഴ്ന്നിട്ടുള്ളൂ. 1980ൽ 54.1 ശതമാനമായിരുന്നു പോളിംഗ്. അന്ന് സി.പി.എമ്മിലെ എം.എം. ലോറൻസ് 7023 വോട്ടുകൾക്ക് വിജയിച്ചു. പിന്നീട് കുറഞ്ഞ പോളിംഗ് നടന്നത് 1998ൽ 68.2 ശതമാനം. അന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ വിജയിച്ചത് കേവലം 6350 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്. 1999ൽ 69.4 ശതമാനം പോളിംഗ് നടന്നപ്പോൾ എൽ.ഡി.എഫിലായിരുന്ന ഫ്രാൻസിസ് ജോർജ് 9298 വോട്ടുകൾക്ക് ജയിച്ചു കയറി. 2004ൽ ഫ്രാൻസിസ് ജോർജ് 69384 വോട്ടുകൾക്ക് വിജയം ആവർത്തിച്ചപ്പോൾ പോളിംഗ് 70.54 ശതമാനം. ഇടതുമുന്നണി വീണ്ടും വിജയിച്ച 2014ൽ 70.76 ശതമാനമായിരുന്നു പോളിംഗ്. ഇപ്പോൾ ജനവിധി തേടുന്ന ജോയ്സ് ജോർജ് അന്ന് കന്നിയങ്കത്തിൽ നേടിയത് 50542 വോട്ടിന്റെ ഭൂരിപക്ഷം.
പ്രധാന സ്ഥാനാർത്ഥികൾ ഇവർ
ഡീൻ കുര്യാക്കോസ് (യു.ഡി.എഫ്), ജോയ്സ് ജോർജ് (എൽ.ഡി.എഫ്), സംഗീത വിശ്വനാഥൻ (എൻ.ഡി.എ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ.